ശബരിമല സ്വർണക്കൊള്ള: ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

ശബരിമല സ്വർണക്കൊള്ള: ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഡാലോചന പുറത്ത് വരണമെന്ന് ഹൈക്കോടതി. ഇതുവരെയുള്ള അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണസംഘം (SIT) കോടതിയിൽ സമർപ്പിച്ചിരുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് എതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം തട്ടിയെടുത്തിട്ടും തിരികെയെടുക്കാൻ ശ്രമിച്ചില്ലെന്ന് കോടതി വിലയിരുത്തി. കട്ടിളയിൽ നിന്ന് 409 ഗ്രാം സ്വർണം ഉരുക്കിയെടുക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയെന്നും കോടതിയുടെ നിരീക്ഷണത്തിൽ പറയുന്നു. കൊണ്ടുപോയ ദ്വാരപാലക ശിൽപം തന്നെയാണോ തിരികെ കൊണ്ടുവന്നതെന്ന കാര്യത്തിലും കോടതിക്ക് സംശയമുണ്ട്. കേസിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാനും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.

കേസിൽ എസ്‌ഐടി നേരത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് സൂചന. ദേവസ്വം ബോർഡിന്റെ മിനിട്സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. കട്ടിളയിലും ദ്വാരപാലക ശിൽപത്തിലും മാത്രമായി അന്വേഷണം ഒതുങ്ങരുതെന്നും എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണസംഘത്തോട് ഹൈക്കോടതി നിർദേശിച്ചു.

സംഘടിത കൊള്ളതന്നെയാണ് ശബരിമലയിൽ നടന്നതെന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്. അ‌ടച്ചിട്ട മുറിയിൽ രഹസ്യ സ്വഭാവത്തിലായിരുന്നു കോടതി നടപടികൾ. ആറാഴ്ചയാണ് അ‌ന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അ‌ന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ പുരോഗതി അ‌റിയിക്കാനുള്ള കോടതി നിർദേശത്തെ തുടർന്നാണ് എസ്.ഐ.ടി. ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. അ‌ന്വേഷണ ഉദ്യോഗസ്ഥരുമായി കോടതി നേരിട്ട് ആശയവിനിമയം നടത്തി. കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളും സ്വർണപ്പാളിയും കടത്തിയതിനെ കുറിച്ചാണ് അ‌ന്വേഷണം നടക്കുന്നത്. കേസിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി അ‌റസ്റ്റിലായിട്ടുണ്ട്. ദേവസ്വം ബോർഡിലെ ഉന്നതർക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയതായാണ് വിവരം.

Sabarimala gold heist: High Court orders investigation into criminal conspiracy

Share Email
LATEST
More Articles
Top