സാൻ ഫ്രാൻസിസ്കോ: മ്യാൻമറിലെ നിയമവാഴ്ചയില്ലാത്ത മേഖലകളിൽ സൈബർ തട്ടിപ്പ് സംഘങ്ങൾ ഉപയോഗിച്ചിരുന്ന 2,500-ലധികം സ്റ്റാർലിങ്ക് ഉപകരണങ്ങൾ സ്പേസ് എക്സ് പ്രവർത്തനരഹിതമാക്കിയതായി ബുധനാഴ്ച കമ്പനി അറിയിച്ചു. ഇലോൺ മസ്‌കിന്റെ കമ്പനിയാണ് സ്പേസ് എക്സ്. ഈ വർഷം മ്യാൻമർ-തായ്‌ലൻഡ് അതിർത്തി പ്രദേശങ്ങളിലെ തട്ടിപ്പ് കേന്ദ്രങ്ങൾക്കെതിരെ അധികൃതർ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും, ആഭ്യന്തര യുദ്ധം ബാധിച്ച രാജ്യത്ത് തട്ടിപ്പ് നെറ്റ്‌വർക്കുകൾ വർധിക്കുന്നത് തുടരുകയാണ്.
എല്ലാ സ്റ്റാർലിങ്ക് വിപണികളിലും നിയമലംഘനങ്ങൾ കണ്ടെത്താൻ സ്പേസ് എക്സ് ശ്രമിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. “നിയമലംഘനം കണ്ടെത്തുന്ന അപൂർവ സാഹചര്യങ്ങളിൽ, ലോകമെമ്പാടുമുള്ള നിയമനിർവഹണ ഏജൻസികളുമായി ചേർന്ന് ആവശ്യമായ ഇടപെടലുകൾ നടത്താറുണ്ട്,” സ്റ്റാർലിങ്കിന്റെ ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രേയർ ‘എക്‌സി’ൽ പറഞ്ഞു.
“ഉദാഹരണമായി, മ്യാൻമറിലെ സംശയാസ്പദ ‘തട്ടിപ്പ് കേന്ദ്രങ്ങൾ’ക്കടുത്ത് 2,500-ലധികം സ്റ്റാർലിങ്ക് കിറ്റുകൾ സ്പേസ് എക്സ് മുൻകൂട്ടി തിരിച്ചറിഞ്ഞ് നിർത്തിവച്ചു,” അവർ ചേർത്തു.
ഈ ഉപകരണങ്ങൾ എപ്പോഴാണ് പ്രവർത്തനരഹിതമാക്കിയത് എന്നതിനെക്കുറിച്ച് ഡ്രേയർ കൃത്യതീയതി വെളിപ്പെടുത്തിയില്ല. എന്നാൽ, ഈ ആഴ്ച നടന്ന ഒരു റെയ്ഡിൽ തട്ടിപ്പ് കേന്ദ്രത്തിൽ 30 സ്റ്റാർലിങ്ക് “റിസീവറുകളും അനുബന്ധ ഉപകരണങ്ങളും” പിടിച്ചെടുത്തതായി മ്യാൻമർ സൈനിക ഭരണകൂടം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സ്പേസ് എക്സിന്റെ പ്രസ്താവന. ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മ്യാൻമർ-തായ് അതിർത്തിയിലായി ഏകദേശം 30 വലിയ തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അമേരിക്കക്കാർ ഉൾപ്പെടെ ഇരകളിൽ നിന്ന് ഓരോ വർഷവും കോടിക്കണക്കിന് ഡോളറുകൾ ഈ കേന്ദ്രങ്ങൾ കൊള്ളയടിക്കുന്നു.