ഡൽഹി: പ്രമുഖ മുന്നണികൾ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിനിടെ ബിഹാറിൽ നാടകീയ നീക്കങ്ങൾ. രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷൻ തേജസ്വി യാദവ് ഖഗേരിയിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു. ഇതേ സ്ഥലത്ത്, ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലി നടക്കുന്ന സാഹചര്യമാണ് കമ്മീഷൻ അനുമതി നിഷേധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്.
രണ്ട് റാലികളുടെയും സമയം സംബന്ധിച്ചുള്ള പ്രശ്നം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്നാൽ, റാലി റദ്ദാക്കിയത് ഏകാധിപത്യത്തിന് ഉദാഹരണമാണെന്നും, ഇതിനെതിരെ പോരാടുമെന്നും തേജസ്വി യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ അമിത് ഷായും ബിഹാറിലെത്തിയിട്ടുണ്ട്. ഈ ആഴ്ചയോടെ ഇൻഡ്യ സഖ്യം സംയുക്ത പ്രകടനപത്രിക പുറത്തിറക്കുമെന്നാണ് വിവരം. പ്രചാരണം ശക്തമാവുന്നതിനിടെ, തേജസ്വി യാദവിന്റെ അടുത്ത റാലിക്ക് അനുമതി നിഷേധിച്ചത് രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.













