ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ സ്റ്റാലിൻ; തമിഴ്‌നാട്ടിൽ നിയമനിർമ്മാണത്തിന് നീക്കം

ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ സ്റ്റാലിൻ; തമിഴ്‌നാട്ടിൽ നിയമനിർമ്മാണത്തിന് നീക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് തടയാൻ നിയമനിർമ്മാണത്തിന് എം.കെ. സ്റ്റാലിൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹിന്ദി ഹോർഡിംഗുകൾ, ഹിന്ദി സിനിമകൾ, പാട്ടുകൾ എന്നിവ ഉൾപ്പെടെ നിരോധിക്കുന്ന വിധത്തിലാണ് നീക്കം. ഇത് സംബന്ധിച്ച ബിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിക്കും. സർക്കാർ നീക്കവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗം കഴിഞ്ഞ ദിവസം രാത്രി നടന്നതായും റിപ്പോർട്ടുകളുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

സർക്കാർ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന വാദവും ഉദ്യോഗസ്ഥർക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം ഒരു നിയമനിർമ്മാണം പരിഗണനയിൽ ഉണ്ടെന്ന സൂചനയാണ് മുതിർന്ന ഡി.എം.കെ. നേതാവ് ടി.കെ.എസ്. എളങ്കോവൻ നൽകുന്നത്. “ഭരണഘടനയ്ക്ക് വിരുദ്ധമായി ഞങ്ങൾ ഒന്നും ചെയ്യില്ല, അതിനെ അനുസരിക്കും, എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ചെറുക്കും” – എളങ്കോവൻ പ്രതികരിച്ചു. അടുത്തിടെ തമിഴരുടെ മേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുതെന്നും, തങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ബിൽ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത്.

സർക്കാർ നീക്കം സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു. ഈ നീക്കത്തെ ‘മണ്ടത്തരം’ എന്നാണ് തമിഴ്‌നാട് ബി.ജെ.പി. വിശേഷിപ്പിച്ചത്. ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുത് എന്നും ബി.ജെ.പി. നേതാവ് വിനോജ് സെൽവം പ്രതികരിച്ചു. കരൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നേരിട്ട തിരിച്ചടികളിൽ നിന്ന് ശ്രദ്ധമാറ്റാനാണ് ഡി.എം.കെ.യുടെ ശ്രമമെന്നും ബി.ജെ.പി. ആരോപിച്ചു.

ത്രിഭാഷാ ഫോർമുലയിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ ശ്രമിക്കുകയാണെന്നാണ് ഡി.എം.കെ.യുടെ പ്രധാന വാദം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും ഡി.എം.കെ. വിഷയം പ്രചാരണായുധമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നിന്നും രൂപയുടെ ലോഗോ മാറ്റി തമിഴ് അക്ഷരം ഉപയോഗിച്ചതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.

The M.K. Stalin government in Tamil Nadu is reportedly considering legislation to ban the imposition of Hindi

Share Email
Top