ടോക്കിയോ: പ്രസിഡന്റ് പദവിയിൽ ഒരു മൂന്നാം ഊഴം കൂടി പരിഗണിക്കുന്നതിനെ തള്ളിക്കളയാതെ ഡോണൾഡ് ട്രംപ്.
അങ്ങനെ ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞ ട്രംപ്, 2028ൽ വൈസ് പ്രസിഡന്റായി ജെ ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറിയായി മാർക്കോ റൂബിയോയും ചേർന്ന ഒരു കൂട്ടുകെട്ടിനും സാധ്യത നൽകി.
എയർ ഫോഴ്സ് വണ്ണിൽ വെച്ച്, തന്നെ പിന്തുടർന്ന് വാതിലിനരികിൽ നിൽക്കുകയായിരുന്ന സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ നോക്കി ട്രംപ് ഇങ്ങനെ പ്രതികരിച്ചു: “ഞാനിതിനെക്കുറിച്ച് ശരിക്കും ചിന്തിച്ചിട്ടില്ല. നിങ്ങൾക്ക് അറിയാവുന്നതുപോലെ ഞങ്ങൾക്ക് മികച്ച ചില ആളുകളുണ്ട്. എനിക്ക് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സർവേ ഫലങ്ങളാണ് ഇപ്പോൾ ഉള്ളത്. ഞാൻ എട്ട് യുദ്ധങ്ങൾ പരിഹരിച്ചു, ഒമ്പതാമതൊന്ന് വരുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. റഷ്യ-യുക്രെയ്ൻ വിഷയത്തിലും അതുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.” – പ്രസിഡൻ്റ് പറഞ്ഞു.
2028ലെ റിപ്പബ്ലിക്കൻ ടിക്കറ്റിനായി മനസ്സിലുള്ള നല്ല ആളുകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് വാൻസിൻ്റെയും റൂബിയോയുടെയും പേര് എടുത്തു പറഞ്ഞത്. തന്റെ ഭരണത്തിലെ ഈ കൂട്ടുകെട്ടിനെ പ്രശംസിക്കുന്നതിനിടയിലും, ട്രംപ് ഇങ്ങനെ പറഞ്ഞു: “അങ്ങനെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്കറിയാമല്ലോ, എനിക്ക് എൻ്റെ ഏറ്റവും മികച്ച സംഖ്യകളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അത് വളരെ വലുതാണ്.”
മൂന്നാം ഊഴത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ലേ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദ്യമുന്നയിച്ചപ്പോൾ, ട്രംപ് മറുപടി പറഞ്ഞു: “ഞാനത് തള്ളിക്കളയുന്നില്ലേ? നിങ്ങൾ തന്നെ പറയണം. എനിക്ക് പറയാൻ കഴിയുന്നത് ഇത്രമാത്രം, ഞങ്ങൾക്ക് മികച്ച ഒരു കൂട്ടം ആളുകളുണ്ട്, ഡെമോക്രാറ്റുകൾക്ക് അത് ഇല്ല.”
എന്നാൽ, അടുത്ത ടേമിൽ തുടരാനായി വൈസ് പ്രസിഡന്റായി മത്സരിക്കുന്നതിനെക്കുറിച്ചുള്ള ആശയത്തെ ട്രംപ് അംഗീകരിച്ചില്ല. “അങ്ങനെ ചെയ്യാൻ എനിക്ക് അനുവാദമുണ്ടാകും,” ട്രംപ് പറഞ്ഞു. “പക്ഷേ ഞാൻ അത് ആഗ്രഹിക്കുന്നില്ല – ഞാൻ അത് ചെയ്യില്ല.” – ട്രംപ് വ്യക്തമാക്കി.













