വാഷിങ്ടൺ: ഹമാസിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സമയം ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കുള്ളിൽ ഹമാസ് ഇസ്രയേലുമായി സമാധാന കരാറിൽ എത്തിച്ചേരണമെന്നും, അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ നിലപാട് പ്രഖ്യാപനം.
നിരവധി വർഷങ്ങളായി മിഡിൽ ഈസ്റ്റിലെ ക്രൂരവും അക്രമാസക്തവുമായ ഒരു ഭീഷണിയാണ് ഹമാസ് എന്നാണ് ട്രംപിന്റെ കുറിപ്പ് ആരംഭിക്കുന്നത്. “അവർ ആളുകളെ കൊല്ലുകയും ജീവിതം അസഹനീയമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പാരമ്യമായിരുന്നു ഒക്ടോബർ ഏഴാം തീയതി ഇസ്രയേലിൽ നടന്ന കൂട്ടക്കൊല. കുഞ്ഞുങ്ങൾ, സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, കൂടാതെ നിരവധി യുവതീയുവാക്കളും ആൺകുട്ടികളും പെൺകുട്ടികളും അടക്കം ആ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴാം തീയതിയിലെ ആക്രമണത്തിന് നേരിട്ട തിരിച്ചടിയിൽ ഹമാസിന്റെ കാൽലക്ഷത്തിലധികം സൈനികർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്നവരിൽ അധികംപേരും സൈനികവലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ‘മുന്നോട്ടു പൊയ്ക്കോളൂ’ എന്ന തന്റെ ഒരു വാക്കിൽ അവരുടെ ജീവിതം നൊടിയിടയ്ക്കുള്ളിൽ ഇല്ലാതാകുമെന്ന്” ട്രംപ് കുറിപ്പിൽ പറയുന്നു.
“ഒന്നല്ലെങ്കിൽ മറ്റൊരു മാർഗത്തിലൂടെ ഞങ്ങൾ മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കും. അക്രമവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കും. ബന്ദികളെ മുഴുവൻ മോചിപ്പിക്കൂ, എല്ലാവരെയും. മരിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുനൽകൂ. ഇപ്പോൾതന്നെ. വാഷിങ്ടൺ ഡിസി സമയം വൈകുന്നേരം ആറ് മണിക്കുള്ളിൽ ഹമാസ് കരാറിൽ എത്തിച്ചേർന്നിരിക്കണം. അവസാന അവസരമായ ഇത് പ്രയോജനപ്പെടുത്താത്തപക്ഷം ആരും ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നരകം ഹമാസിന് നേർക്ക് പൊട്ടിപ്പുറപ്പെടും,” ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ വ്യക്തമാക്കി.
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ഒരു താൽക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീൻകാർ ഗാസ വിട്ടുപോകണമെന്ന് കരാറിൽ നിർദേശമില്ല. ഹമാസ് കരാർ അംഗീകരിക്കുകയാണെങ്കിൽ, ശേഷിക്കുന്ന എല്ലാ ബന്ദികളെയും 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്നും, നിബന്ധനകൾ നിലവിൽ വന്നുകഴിഞ്ഞാൽ ഇസ്രായേലി സേന ഘട്ടംഘട്ടമായി പിന്മാറണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Trump issues ultimatum to Hamas: Serious consequences if no deal is reached; stern warning