ഗ്യോങ്ജു, ദക്ഷിണ കൊറിയ: കാനഡയുമായുള്ള വ്യാപാര തർക്കം രൂക്ഷമാക്കിയതിന് ദിവസങ്ങൾക്ക് ശേഷം, യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ബന്ധങ്ങളിൽ മഞ്ഞുരുകുന്നതിന്‍റെ സൂചനകൾ നൽകി. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിക്കിടെ ബുധനാഴ്ച രാത്രി ലോകനേതാക്കളോടൊപ്പം അത്താഴ വിരുന്നിൽ പങ്കെടുത്തവരിൽ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയും ഉണ്ടായിരുന്നു.
“കഴിഞ്ഞ രാത്രി അദ്ദേഹവുമായി ഞങ്ങൾക്ക് വളരെ നല്ല സംഭാഷണം നടന്നു,” കാനഡയെക്കുറിച്ച് എന്തെങ്കിലും പുതിയ വിവരങ്ങൾ നൽകാനുണ്ടോ എന്ന ചോദ്യത്തിന് എയർഫോഴ്സ് വണ്ണിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ പ്രസിഡന്‍റ് റൊണാൾഡ് റീഗൻ്റെ 1987-ലെ ഒരു താരിഫ് വിരുദ്ധ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ വ്യാജ കനേഡിയൻ പരസ്യമാണ് കാരണം എന്ന് ആരോപിച്ച്, കാനഡയ്ക്ക് മേലുള്ള താരിഫ് 10 ശതമാനം വർദ്ധിപ്പിക്കുമെന്ന് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. താരിഫ് വർദ്ധനവ് എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല.
ബുധനാഴ്ച രാത്രിയിലെ അത്താഴത്തിന് മണിക്കൂറുകൾക്ക് മുമ്പ്, “കാനഡയെ കാണാൻ വേണ്ടിയല്ല താൻ ദക്ഷിണ കൊറിയയിൽ വന്നത്” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. നേതാക്കൾ പങ്കെടുത്ത ഫാമിലി ഫോട്ടോ സെഷനിൽ മറ്റ് രാഷ്ട്രത്തലവൻമാർക്ക് ഊഷ്മളമായ അഭിവാദ്യങ്ങൾ നൽകുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്ത ട്രംപ് കാർണിയുമായി സംസാരിച്ചില്ല. എങ്കിലും, അത്താഴത്തിന് ഇരിക്കുമ്പോൾ ട്രംപ് കാർണിയെ ചൂണ്ടിക്കാണിക്കുകയും കാർണി കൈകൊണ്ട് തിരിച്ച് അഭിവാദ്യം ചെയ്യുകയും ചെയ്തു. ഈ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചെറിയ സൂചനയായി കണക്കാക്കപ്പെടുന്നു.













