പരസ്യം വിനയായി, കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ച് ട്രംപ്

പരസ്യം വിനയായി, കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ച് ട്രംപ്

വാഷിങ്ടൺ : യു.എസ്. താരിഫുകളെ വിമർശിച്ചുകൊണ്ടുള്ള ഒരു ടെലിവിഷൻ പരസ്യത്തെ ചൊല്ലി കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ താരിഫുകൾക്കെതിരെ സംസാരിക്കുന്നതായി കാണിക്കുന്ന ഈ പരസ്യം “വ്യാജമാണ്” എന്നും, കാനഡയുടെ നടപടി “അങ്ങേയറ്റം മോശമായ പെരുമാറ്റമാണ്” എന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ പരസ്യം യു.എസ്. സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.


വിദേശ ഉൽപ്പന്നങ്ങൾക്ക് മേലുള്ള താരിഫുകൾ “തൊഴിലില്ലായ്മയ്ക്കും വ്യാപാര യുദ്ധങ്ങൾക്കും കാരണമാകും” എന്ന് റീഗൻ മുന്നറിയിപ്പ് നൽകുന്ന ഭാഗമാണ് പരസ്യത്തിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ, റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ ഈ പരസ്യം വ്യാജമാണെന്നും റീഗന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ആരോപിച്ചു. ട്രംപിന്റെ താരിഫ് നയങ്ങളുടെ നിയമപരമായ സാധുത സംബന്ധിച്ച് യു.എസ്. സുപ്രീം കോടതി കേസ് പരിഗണിക്കാൻ ഇരിക്കെയാണ് ഈ വിവാദ പരസ്യം പുറത്തുവന്നത്.


ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഈ തീരുമാനം പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയോടെ വ്യാപാര രംഗത്തെ മഞ്ഞുരുകലിന് സാധ്യതയുണ്ടെന്ന് സൂചന നൽകിയിരുന്നു. എന്നാൽ, താരിഫുകൾ യു.എസ്. ദേശീയ സുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വളരെ പ്രധാനപ്പെട്ടതാണെന്ന് ആവർത്തിച്ച ട്രംപ്, പരസ്യ വിവാദത്തിന്റെ പേരിൽ ചർച്ചകൾ അവസാനിപ്പിച്ചത് കാനഡയ്ക്ക് കനത്ത തിരിച്ചടിയായി. കാനഡയുടെ 75 ശതമാനത്തിലധികം കയറ്റുമതിയും അമേരിക്കയിലേക്കാണ്.

Share Email
Top