വാഷിംഗ്ടൺ ഡി.സി.: എസ് ഗവൺമെൻ്റ് ഷട്ട്ഡൗണിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫണ്ടിംഗ് ബില്ലുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻസും ഡെമോക്രാറ്റുകളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ട്രംപിൻ്റെ പ്രതികരണം. “ഷട്ട്ഡൗൺ ഒരുപക്ഷേ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒന്നും ഒഴിവാക്കാനാവാത്തതല്ല, പക്ഷേ ഉണ്ടാകാനാണ് സാധ്യത” എന്ന് അന്ത്യശാസന സമയപരിധിക്ക് മണിക്കൂറുകൾക്ക് മുൻപ് ഓവൽ ഓഫീസിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യ പരിരക്ഷാ ചെലവുകൾ, മറ്റ് ചില വികസന കാര്യങ്ങൾ എന്നിവ സംബന്ധിച്ച പാർട്ടിപരമായ തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഏഴ് ആഴ്ചത്തേക്ക് ഫെഡറൽ ഫണ്ടിംഗ് നീട്ടാനുള്ള ഹൗസ് നടപടി സെനറ്റിൽ ഡെമോക്രാറ്റുകൾ തടഞ്ഞിരിക്കുകയാണ്. കാലഹരണപ്പെടുന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ ബില്ലിനെ പിന്തുണക്കില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്. എന്നാൽ, ചർച്ചകൾക്കില്ലെന്നും തിരുത്തലുകളില്ലാത്ത ‘ക്ലീൻ ബിൽ’ പാസാക്കണമെന്നുമാണ് ട്രംപിൻ്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും ആവശ്യം.
ഈ തർക്കം കാരണം ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു. ഇരു പാർട്ടികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ, ഇന്ന് രാത്രി അർദ്ധരാത്രിക്ക് (പ്രാദേശിക സമയം 12.01 am ബുധനാഴ്ച) മുൻപ് സെനറ്റിൽ ബിൽ പാസാക്കിയില്ലെങ്കിൽ ഗവൺമെൻ്റ് ഷട്ട്ഡൗണിലേക്ക് നീങ്ങും. മെക്സിക്കൻ അതിർത്തി മതിൽ പണിയുന്നതിന് ഫണ്ട് ആവശ്യപ്പെട്ട് ട്രംപ് പ്രസിഡൻ്റായിരുന്ന സമയത്ത് 2018 ഡിസംബർ മുതൽ 2019 ജനുവരി വരെ 35 ദിവസത്തേക്ക് യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ നടന്നിരുന്നു.













