പുരസ്കാരം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് വരെ വലിയ പ്രതീക്ഷ, നൊബേൽ ലഭിക്കാത്തതിൽ ട്രംപ് അനുകൂലികൾ നിരാശയിൽ

പുരസ്കാരം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് വരെ വലിയ പ്രതീക്ഷ, നൊബേൽ ലഭിക്കാത്തതിൽ ട്രംപ് അനുകൂലികൾ നിരാശയിൽ

വാഷിംഗ്ടൺ: സമാധാന നൊബേൽ പുരസ്‌കാരം ഡോണൾഡ് ട്രംപിന് നൽകാത്തതിൽ കടുത്ത നിരാശയിൽ ട്രംപ് അനുകൂലികൾ. പുരസ്കാരം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് വരെ വലിയ പ്രതീക്ഷയിലായിരുന്നു ട്രംപും അദ്ദേഹത്തിന്‍റെ അനുയായികളും. ഗാസയിലെ സമാധാനശ്രമങ്ങളും എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതുൾപ്പെടെയുള്ള തന്‍റെ നേട്ടങ്ങൾ ട്രംപ് എടുത്തുപറഞ്ഞിരുന്നു. കൂടാതെ ഇസ്രയേലിന്‍റെയും റഷ്യയുടെയും പിന്തുണ ട്രംപ് അനുകൂലികൾക്ക് വലിയ ആത്മവിശ്വാസം കൂട്ടിയിരുന്നു.

അതേസമയം, പുരസ്‌കാര സമിതിയെ വൈറ്റ് ഹൗസ് വിമർശിച്ചു. സമിതി സമാധാനപരമായ പ്രവർത്തനങ്ങൾക്കല്ല, മറിച്ച് രാഷ്ട്രീയപരമായ പരിഗണനകൾക്കാണ് മുൻതൂക്കം നൽകിയതെന്നാണ് വൈറ്റ് ഹൗസിന്‍റെ ആരോപണം. യുദ്ധങ്ങൾ അവസാനിപ്പിക്കുകയും സമാധാന ഉടമ്പടികൾ യാഥാർത്ഥ്യമാക്കുകയും മനുഷ്യജീവൻ രക്ഷിക്കുകയും ചെയ്യുന്നതിൽ ട്രംപ് തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചങ് സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു. ട്രംപിന്‍റെ ദൃഢനിശ്ചയം പർവതങ്ങളെപ്പോലും മാറ്റാൻ കെൽപ്പുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലും ഹമാസും തമ്മിലുള്ള ദീർഘകാല സംഘർഷത്തിന് വിരാമമിട്ട് ഗാസയിൽ സമാധാന കരാർ കൊണ്ടുവന്നതോടെ, ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് അദ്ദേഹത്തിന്‍റെ അനുയായികൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, പുരസ്‌കാര സമിതി പ്രധാനമായും 2025 ജനുവരി വരെയുള്ള കാലയളവാണ് പരിഗണിക്കുന്നത് എന്നതിനാൽ, ട്രംപിന് ഇത്തവണ നൊബേൽ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് നേരത്തെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

എങ്കിലും, ട്രംപിന്റെ അനുയായികൾ അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഗാസയിലെ സമാധാന കരാറിലെ ട്രംപിന്റെ പങ്കാളിത്തം അവർ എടുത്തു കാണിക്കുകയും നൊബേലിന് അദ്ദേഹത്തിന്റെ അർഹതയെക്കുറിച്ച് ശക്തമായി വാദിക്കുകയും ചെയ്തു. പുരസ്‌കാര സമിതിയുടെ തീരുമാനത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടെന്ന വിമർശനത്തിന് വൈറ്റ് ഹൗസിന്റെ പ്രതികരണം കൂടുതൽ ശക്തി പകർന്നിട്ടുണ്ട്. ട്രംപിന്റെ നേട്ടങ്ങൾ മനഃപൂർവം അവഗണിക്കപ്പെട്ടു എന്നാണ് അവരുടെ ആരോപണം. ലോകസമാധാനത്തിന് ട്രംപിന്റെ പ്രവർത്തനങ്ങൾ വലിയ സംഭാവന നൽകുമെന്ന് സ്റ്റീവൻ ചങ് ആവർത്തിച്ചു വ്യക്തമാക്കി.

Share Email
LATEST
Top