വാഷിംഗ്ടൺ: ഈ വർഷത്തിലെ തന്റെ രണ്ടാമത്തെ മെഡിക്കൽ പരിശോധനയുടെ ഭാഗമായി വാൾട്ടർ റീഡ് ആശുപത്രിയിൽ എംആർഐ സ്കാൻ ചെയ്തതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങൾ ഉയർന്നുവരുന്നതിനിടയിലാണ് ട്രംപ് ആദ്യമായി പരിശോധനയുടെ വിവരങ്ങൾ പങ്കുവെച്ചത്. എംആർഐയിൽ യാതൊരു അസ്വസ്ഥതകളും കണ്ടെത്തിയില്ലെന്നും ഏഷ്യൻ യാത്രയ്ക്കിടെ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.
യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റുമാരിൽ ഒരാളാണ് 79 വയസ്സുള്ള ട്രംപ്. ഈ മാസത്തിന്റെ തുടക്കത്തിൽ നടത്തിയ വാൾട്ടർ റീഡ് സന്ദർശനത്തിൽ എംആർഐ എടുത്തതിന്റെ കാരണം വെളിപ്പെടുത്താൻ അദ്ദേഹം സന്നദ്ധനായില്ല. അതിന്റെ കാരണം അറിയണമെങ്കിൽ ഡോക്ടർമാരോട് ചോദിക്കണമെന്നാണ് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്. സാധാരണഗതിയിൽ, പ്രസിഡന്റുമാർ ഒരു വർഷത്തിൽ ഒരു പൂർണ്ണ പരിശോധന മാത്രമാണ് നടത്താറുള്ളത്. എന്നാൽ ഈ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി ട്രംപ് ഈ വർഷം രണ്ടാമതും ആശുപത്രി സന്ദർശിച്ചതിന്റെ കാരണം വൈറ്റ് ഹൗസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
“ഞാൻ നിങ്ങൾക്ക് വളരെ വിശദമായ റിപ്പോർട്ടാണ് നൽകിയത്. ഇതുപോലുള്ള റിപ്പോർട്ടുകൾ മറ്റാരും നിങ്ങൾക്ക് നൽകിയിട്ടില്ല. ഫലങ്ങൾ മോശമായിരുന്നെങ്കിൽ, ഞാൻ നിങ്ങളെ അറിയിക്കുമായിരുന്നു, ഞാൻ മത്സരിക്കുകയുമില്ലായിരുന്നു. ഞാൻ വേറെ എന്തെങ്കിലും ചെയ്യുമായിരുന്നു. എന്നാൽ എന്റെ ഡോക്ടർമാർ പറഞ്ഞത്, എന്റെ പ്രായത്തിനനുസരിച്ചുള്ള ഏറ്റവും മികച്ച റിപ്പോർട്ടുകളിൽ ഒന്നാണിതെന്നാണ്” ട്രംപ് അവകാശപ്പെട്ടു.
ഈ വേനൽക്കാലത്ത്, കാലുകളിലെ നീർവീക്കം സംബന്ധിച്ച് ട്രംപിനെ പരിശോധിച്ചതായും അദ്ദേഹത്തിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി ഉണ്ടെന്ന് കണ്ടെത്തിയതായും വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം, ട്രംപിന്റെ വലത് കൈയിലുള്ള തുടർച്ചയായ പാടുകൾ വലിയ ചർച്ചാവിഷയമായിരുന്നു. ചില അവസരങ്ങളിൽ കട്ടിയുള്ള മേക്കപ്പ് ഉപയോഗിച്ച് ഇത് മറയ്ക്കാൻ ട്രംപ് ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അധികമായ ഹാൻഡ്ഷേക്കുകളും രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ആസ്പിരിൻ മരുന്നുകൾ കഴിക്കുന്നതുമാണ് പാടുകൾക്ക് കാരണമെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യൻ ഡോ. സീൻ ബാർബെല്ല വിശദീകരിച്ചിരുന്നു.













