വാഷിംഗ്ടൺ: യുഎസ് സർക്കാരിന്റെ അടച്ചുപൂട്ടൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫണ്ടിംഗ് ബിൽ പാസാക്കുന്നതിൽ സെനറ്റിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിലുള്ള തർക്കം തുടരുന്നതാണ് ഷട്ട്ഡൗൺ നീളാൻ കാരണം. മെഡികെയ്ഡ് വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് ടാക്സ് ക്രെഡിറ്റുകൾ വർദ്ധിപ്പിക്കണമെന്നും വെട്ടിക്കുറച്ചവ പുനഃസ്ഥാപിക്കണമെന്നുമാണ് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നത്. സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കുള്ള ധനാനുമതി ബിൽ പാസാക്കാൻ ഇരു പാർട്ടികൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. സെനറ്റിൽ നടന്ന അവസാന വോട്ടെടുപ്പിൽ 55-45 എന്ന നിലയിൽ ബിൽ പരാജയപ്പെടുകയായിരുന്നു.
അടച്ചുപൂട്ടലിന്റെ ഫലമായി ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളമില്ലാതെ ജോലിയില്ലാതെ തുടരേണ്ടിവരും. നിരവധി ഏജൻസികളിൽ കൂട്ടപ്പിരിച്ചുവിടലിന് സാധ്യതയുണ്ട്. അടിയന്തര പ്രാധാന്യമില്ലാത്ത സർക്കാർ സേവനങ്ങൾ നിർത്തിവെക്കും. നാഷണൽ പാർക്കുകളും മ്യൂസിയങ്ങളും അടച്ചിടും. വിമാനത്താവളങ്ങൾ, പാസ്‌പോർട്ട് ഏജൻസികൾ, ആരോഗ്യ-ക്ഷേമ പദ്ധതികൾ എന്നിവയുടെ പ്രവർത്തനത്തെ ഷട്ട്ഡൗൺ ബാധിക്കും.
ഷട്ട്ഡൗൺ നീണ്ടാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. ധനവിനിയോഗ ബിൽ പാസാക്കുന്നതിൽ ധാരണയിലെത്തുന്നതുവരെ ഷട്ട്ഡൗൺ തുടർന്നേക്കും.