വാഷിങ്ടൺ: ദക്ഷിണ ചൈനാ കടലിന് മുകളിൽ പതിവ് ഓപ്പറേഷനുകൾ നടത്തുന്നതിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും തകർന്നുവീണു. ഇരുവിമാനങ്ങളിലുമുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി യുഎസ് നേവി പസഫിക് ഫ്ലീറ്റ് അറിയിച്ചു.
യുഎസ്എസ് നിമിറ്റ്‌സ് വിമാനവാഹിനിക്കപ്പലിൽനിന്ന് പറന്നുയർന്ന MH-60R സീ ഹോക്ക് ( ഹെലികോപ്റ്ററും, F/A-18F സൂപ്പർ ഹോർണറ്റ് യുദ്ധവിമാനവുമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2:45-ഓടെയാണ് MH-60R സീ ഹോക്ക് ഹെലികോപ്റ്റർ കടലിൽ തകർന്നുവീണത്. ഇതിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും ഉടൻ തന്നെ രക്ഷപ്പെടുത്തി. ഇതിന് ഏകദേശം 30 മിനിറ്റിനുശേഷം, 3:15-ഓടെ F/A-18F സൂപ്പർ ഹോർണറ്റ് യുദ്ധവിമാനവും തകർന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും വിജയകരമായി പുറത്തേക്ക് ചാടി. അവരെ സുരക്ഷിതരായി രക്ഷപ്പെടുത്തി.
അപകടത്തിൽപ്പെട്ട അഞ്ച് ജീവനക്കാരും സുരക്ഷിതരാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും യുഎസ് പസഫിക് ഫ്ലീറ്റ് അറിയിച്ചു. ഇരു അപകടങ്ങളുടെയും കൃത്യമായ കാരണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
രാഷ്ട്രീയമായി ഏറെ തന്ത്രപ്രധാനമായ പ്രദേശമാണ് ദക്ഷിണ ചൈനാ കടൽ. മേഖലയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് ഈ സംഭവങ്ങളുണ്ടായതെന്നത് ശ്രദ്ധേയമാണ്.











