വാഷിംഗ്ടൺ: കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയ്ക്ക് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തി. ആഗോള അനധികൃത മയക്കുമരുന്ന് വ്യാപാരത്തിൽ പങ്കുണ്ട് എന്ന് ആരോപിച്ചാണ് യുഎസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്‍റിനൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യ, മകൻ, കൊളംബിയയുടെ ആഭ്യന്തര മന്ത്രി എന്നിവർക്കെതിരെയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. “പ്രസിഡന്‍റ് ഗുസ്താവോ പെട്രോ അധികാരത്തിൽ വന്നതു മുതൽ, കൊളംബിയയിലെ കൊക്കെയ്ൻ ഉത്പാദനം പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയരുകയും അത് അമേരിക്കയെ വിഷമയമാക്കുകയും ചെയ്തു,” ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പ്രസ്താവനയിൽ പറഞ്ഞു.
ഈ ആരോപണങ്ങൾ നേരത്തെ നിഷേധിച്ചിട്ടുള്ള പെട്രോ, ഉപരോധ വാർത്തയോട് ഉടൻ തന്നെ പ്രതികരിച്ചു. താൻ ഒരു അമേരിക്കൻ അഭിഭാഷകനെ നിയമിച്ചിട്ടുണ്ടെന്നും ഉപരോധങ്ങൾക്കെതിരെ പോരാടുമെന്നും അദ്ദേഹം ‘എക്‌സിൽ’ കുറിച്ചു. “ദശാബ്ദങ്ങളായി മയക്കുമരുന്ന് കടത്തിനെതിരെ പോരാടിയ എനിക്ക്, കൊക്കെയ്ൻ ഉപയോഗം നിയന്ത്രിക്കാൻ ഞങ്ങൾ വളരെയധികം സഹായിച്ച സമൂഹത്തിന്‍റെ (യുഎസ്) ഗവൺമെന്റിൽ നിന്ന് തന്നെ ഈ നടപടി നേരിടേണ്ടി വന്നിരിക്കുന്നു. ഇത് തികച്ചും വിരോധാഭാസമാണ്, പക്ഷേ ഒരടി പിന്നോട്ടില്ല, ഞങ്ങൾ ഒരിക്കലും മുട്ടുകുത്തില്ല,” പെട്രോ വ്യക്തമാക്കി.













