ന്യൂഡൽഹി: ഇറാനുമായുള്ള എണ്ണവ്യാപാര ബന്ധം ആരോപിച്ച് യുഎസ് ഏജൻസികൾ എട്ട് ഇന്ത്യൻ പൗരന്മാർക്കും 10 കമ്പനികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആഗോളതലത്തിൽ 40 വ്യക്തികളെയും സ്ഥാപനങ്ങളെയും കപ്പലുകളെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ, യുഎസ് ട്രഷറി 60 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
യുഎസ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്‌സ് കൺട്രോൾ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരിൽ പ്രമുഖരായ മുംബൈ ആസ്ഥാനമായുള്ള നിതി ഉന്മേഷ് ഭട്ട്, കമല കെ കസാത്ത്, കുനാൽ കസാത്ത്, പൂനം കസാത്ത് എന്നിവർ ഉൾപ്പെടുന്നു. തമിഴ്‌നാട് സ്വദേശി അയ്യപ്പൻ രാജ, തിരുപ്പതിയിൽ നിന്നുള്ള വരുൺ പുല, പിയൂഷ് മഗൻലാൽ ജീവിയ, സോണിയ ശ്രേഷ്ഠ എന്നിവരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഉപരോധം ഏർപ്പെടുത്തിയ 10 സ്ഥാപനങ്ങളിൽ വരുൺ പുലയുടെ ബെർത്ത ഷിപ്പിംഗും ഉൾപ്പെടുന്നു. കൊമോറോസ് ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ കപ്പൽ ഏകദേശം നാല് ദശലക്ഷം ബാരൽ ഇറാനിയൻ എൽപിജി ചൈനയിലേക്ക് കടത്തിയതായി ആരോപിക്കപ്പെടുന്നു. അയ്യപ്പൻ രാജയുടെ മാർഷൽ ദ്വീപുകൾ ആസ്ഥാനമായുള്ള ഈവി ലൈൻസും സമാന ആരോപണങ്ങൾ നേരിടുന്നു. പനാമ പതാകയുള്ള ഈ കമ്പനിയുടെ കപ്പൽ ഒരു ദശലക്ഷം ബാരൽ എൽപിജി ചൈനയിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി.
ഇന്ത്യ ആസ്ഥാനമായുള്ള വേഗ സ്റ്റാർ ഷിപ്പിന്റെ ഉടമയായ സോണിയ ശ്രേഷ്ഠ, കൊമോറോസ് പതാകയുള്ള നെപ്ത എന്ന കപ്പൽ വഴി ഇറാനിയൻ എൽപിജി പാകിസ്താനിലേക്ക് കടത്തിയതായി യുഎസ് അധികൃതർ കണ്ടെത്തി. 2024 ജനുവരി മുതൽ 2025 ജനുവരി വരെ, ഇന്ത്യ ആസ്ഥാനമായുള്ള പെട്രോകെമിക്കൽസ് കമ്പനിയായ സി.ജെ. ഷാ & കോ 44 ദശലക്ഷം ഡോളർ മൂല്യമുള്ള ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.











