വാഷിംഗ്ടണ്‍: വെനസ്വേലിയന്‍ തീരത്ത് മയക്കുമരുന്നുമായി സഞ്ചരിച്ചതെന്നു കരുതുന്ന കപ്പലിനു നേര്‍ക്ക് അമേരിക്കന്‍ സേനയുടെ ആക്രമണം. കപ്പലിലുണ്ടായിരുന്ന ആറുപേര്‍ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തുന്ന ഭീകരസംഘടനയായ ഡിടിഒയുമായി ബന്ധമുള്ളവരാണ് കപ്പലിലുണ്ടായിരുന്നതെന്നും ഇവരാണ് കൊല്ലപ്പെട്ടതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ മയക്കുമരുന്നു കടത്ത് ആരോപണം തെറ്റാണെന്നും വെനസ്വേലിയയില്‍ ഭരണമാറ്റത്തിനായി നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ അമേരിക്കന്‍ ആക്രമണമെന്നു വെനസ്വേലിയന്‍ പ്രതിരോധമന്ത്രി വ്ളാഡിമിര്‍ പാഡ്രിനോ അറിയിച്ചു.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ചൊവ്വാഴ്ച്ച രാവിലെ കപ്പലുകള്‍ക്കെതിരേ സൈനീക നടപടികള്‍ക്ക് ഉത്തരവിട്ടതായും സൈനീക നടപടികള്‍ വിവരിക്കുന്ന ഒരു വീഡിയോയും പുറത്തുവിട്ടു.യുഎസ് സൗത്ത്‌കോമിന്റെ ഉത്തരവാദിത്ത മേഖലയില്‍ വെനിസ്വേലയുടെ തീരത്ത് മയക്കുമരുന്ന് കടത്ത് നടത്തുന്ന ഭീകര സംഘടനയായ ഡിടിഒയുമായി ബന്ധപ്പെട്ട കപ്പലിനു നേര്‍ക്ക് ആക്രമണം നടത്താന്‍ ഉത്തരവിട്ടതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി.’
കപ്പല്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും, നിയമവിരുദ്ധമായ മയക്കുമരുന്ന് ഭീകര ശൃംഖലകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്താരാഷ്ട്ര സമുദ്ര മേഖലയിലാണ് ആക്രമണം നടത്തിയതെന്നും ആറു ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി വ്യകതമാക്കി. വെനസ്വേലിയന്‍ മേഖലയില്‍ അമേരിക്ക നടത്തുന്ന അഞ്ചാമത്തെ കപ്പല്‍ ആക്രമണമാണിത്. കപ്പലുകളില്‍ നിന്നും മയക്കുമരുന്ന് കടത്തുന്നതായിരുന്നുവെന്ന് തെളിയിക്കുന്നതിനുള്ള അടിസ്ഥാന തെളിവുകള്‍ ട്രംപ് ഭരണകൂടം അധികൃതര്‍ക്ക് നല്‍കിയിട്ടില്ലെന്ന് പേരു വെളിപ്പെടുത്താത്ത രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കരീബിയന്‍ മേഖലയില്‍ അമേരിക്കന്‍ നാവിക സേനയുടെ അഭൂതപൂര്‍വമായ വര്‍ദ്ധനയെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വെനിസ്വേലന്‍ പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പാഡ്രിനോ സൈനിക നേതാക്കളെ അറിയിച്ചു.മയക്കുമരുന്ന് കടത്ത് ആരോപണങ്ങള്‍ തെറ്റാണെന്നും വെനസ്വേലിയയില്‍ ഭരണമാറ്റത്തിനായി നിര്‍ബന്ധിക്കുക എന്നതാണ് അമേരിക്കയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ നടപടി മനുഷ്യത്വത്തിനെതിരേയുള്ളതും യുദ്ധക്കൊതി മൂലമുളളതെന്നുമായിരുന്നു വെനസ്വേലിയന്‍ പ്രതിരോധമന്ത്രിയുടെ പ്രതികരണം.
US targets suspected drug-terror vessel off Venezuela; six killed in strike













