വയലാർ സാഹിത്യ അവാർഡ് ഇ.സന്തോഷ് കുമാറിന്; പുരസ്‌കാരം ‘തപോമയിയുടെ അച്ഛൻ’ കൃതിക്ക്

വയലാർ സാഹിത്യ അവാർഡ് ഇ.സന്തോഷ് കുമാറിന്; പുരസ്‌കാരം ‘തപോമയിയുടെ അച്ഛൻ’ കൃതിക്ക്

തിരുവനന്തപുരം: വയലാർ സാഹിത്യ അവാർഡ് ഇ.സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷംരൂപയും പ്രശസ്തി പത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് അവാർഡ്. ടി.ഡി.രാമകൃഷ്ണൻ, എൻ.പി.ഹാഫീസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഒക്ടോബർ 27ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 49–ാമത് വയലാർ സാഹിത്യ അവാർഡ് സമ്മാനിക്കും. ജഡ്ജിങ് കമ്മിറ്റിയുടെ അധ്യക്ഷനായ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ‘അന്ധകാരനഴി’ ഉൾപ്പെടെയുള്ള കൃതികൾ എഴുതിയ ഇ. സന്തോഷ്‌കുമാറിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ നോവലാണ് ‘തപോമയിയുടെ അച്ഛൻ’. 2024ൽ പ്രസിദ്ധീകരിച്ച ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിൽ അഭയാർഥി ജീവിതങ്ങളെക്കുറിച്ചാണ് പറയുന്നത്. കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്.

തപോമയിയിൽനിന്നും അപ്രതീക്ഷിതമായി തന്റെ കയ്യിൽ എത്തിച്ചേരുന്ന ഒരു കുറിപ്പിൽ കാണുന്ന ഗൂഢലിപികളിലൂടെ ആഖ്യാതാവും തപോമയിയുടെ അച്ഛനായ ഗോപാൽ ബറുവയും തമ്മിൽ വളരുന്ന ബന്ധമാണ് കഥാ പ്രമേയം. കോർപ്പറേറ്റ് ഉദ്യോഗം വേണ്ടെന്നു വെച്ച്, നിഴൽ മാത്രമായി പോയ മനുഷ്യരുടെ മുറിവുകളിൽ മരുന്നു പുരട്ടാൻ ജീവിതമൊഴിഞ്ഞു വെച്ച തപോമയിയാണ് പ്രധാന കഥാപാത്രം.

വായനയ്ക്ക് ദുർഗ്രഹമായ ഒരു ആദിമ ലിപി സഞ്ചയം പോലെ ജീവിതം അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇ. സന്തോഷ് കുമാറിന്റെ പുതിയ നോവൽ നമ്മോട് പറയുന്നു. ജന്മദേശവും പ്രണയം മാത്രമല്ല സർവ സുഖങ്ങളും കൈമോശം വന്ന തപോമയിയുടെ അച്ഛൻ ഒരു ദുർഗ്രഹ മനോനിലയിൽ താൻ ചെയ്തു പോയ കൊടിയ അരുതായ്മയുടെ ഓർമ്മകളും പേറി ശിഷ്ടജീവിതം എങ്ങനെ ജീവിച്ചുവെന്ന ആലോചന പോലും ഉള്ളം പൊള്ളിക്കുന്നതാണ്. വ്യക്തികൾ എന്ന നിലയിൽ നിന്ന് കേവലം നിഴലുകൾ മാത്രമായി ചുരുങ്ങി സങ്കടക്കടലിലാണ്ടുപോയ അഭയാർഥി ജീവിതങ്ങളിൽ പ്രത്യാശയുടെ അതിജീവന തുരുത്തുകൾ എത്ര മനോഹരമായാണ് നോവലിൽ ഉയർന്നുവരുന്നത്.

പുരസ്‌കാരങ്ങൾ പ്രചോദനവും ഉത്തരവാദിത്തവുമാണെന്ന് സന്തോഷ് കുമാർ പ്രതികരിച്ചു. 1969ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തിൽ, ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ച ഇ. സന്തോഷ് കുമാറിന്റെ സംഭാവനകൾ ഏറെയും നോവലിലും ചെറുകഥയിലുമാണ്. 2006ൽ ‘ചാവുകളി’ എന്ന ചെറുകഥാ സമാഹാരത്തിനാണ് ആദ്യമായി കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത്. 2011ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഏർപ്പെടുത്തിയ ‘കാക്കര ദേശത്തെ ഉറുമ്പുകൾ’ എന്ന മികച്ച ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം ലഭിച്ചു. അമ്യൂസ്‌മെന്റ് പാർക്ക്, ജ്ഞാനഭാരം, നാരകങ്ങളുടെ ഉപമ മറ്റു തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Vayalar Literary Award goes to E. Santosh Kumar; Award goes to his work ‘Tapomayi’s Father’

Share Email
Top