ഹൂസ്റ്റണ്‍: ലോക മലയാളികളെ രാഷ്ട്രീയേതരമായി ഒന്നിപ്പിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 2025-27 വര്‍ഷത്തേയ്ക്കുള്ള പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അമേരിക്കയിലെത്തിയ ബേബി മാത്യു സോമതീരത്തിന് ഹൂസ്റ്റണ്‍ പ്രോവിന്‍സ് ഊഷ്മളമായ സ്വീകരണം നല്‍കി. നിലവിളക്ക് കൊളുത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടൊപ്പം റോനിസി മേലേത്ത് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ് എസ്.കെ ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോവിന്‍സ് സെക്രട്ടറി രാജേഷ് മാത്യു സ്വാഗതമാശംസിച്ചു.


വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സിഗ്നേച്ചര്‍ പരിപാടിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച ബേബി മാത്യു സോമതീരം, ഇക്കാര്യത്തില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ പങ്കാളിത്തം ശ്രദ്ധേയമാണെന്ന വ്യക്തമാക്കി. സംഘടനയുടെ കെട്ടുറപ്പിനും ഭാവിയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വിജയത്തിനും ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.








ജ്യേഷ്ഠന്‍ ഡോ. പോളി മാത്യുവിനൊപ്പം തിരുവനന്തപുരത്ത് ലോകത്തിലെ ആദ്യത്തെ ആയുര്‍വേദ ടൂറിസ്റ്റ് റിസോര്‍ട്ട് ആയ സോമതീരം സ്ഥാപിച്ച് ആയുര്‍വേദത്തിന്റെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്ന ബേബി മാത്യു സോമതീരത്തിന്റെ സേവനം വേള്‍ഡ് മലയാളി കൗണ്‍സിലിന് മുതല്‍ക്കൂട്ടാണെന്നും പുതിയ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നേരുന്നുവെന്നും പ്രോവിന്‍സ് പ്രസിഡന്റ് എസ്.കെ ചെറിയാന്‍ പറഞ്ഞു. ലോക മലയാളികളുടെ തറവാടാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന് മുഖ്യാതിഥിയായ റിപ്പോര്‍ട്ടര്‍ ചാനല്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സുജയ പാര്‍വ്വതി പറഞ്ഞു.



ചടങ്ങില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ ആദരമായി ബേബി മാത്യു സോമതീരത്തിനെ പ്രോവിന്‍സ് പ്രസിഡന്റ് പൊന്നാടയണിയിച്ചു. ‘വൃക്ക പുരോഹിതന്‍’ എന്നറിയപ്പെടുന്ന ഫാ. ഡേവിസ് ചിറമ്മലിന്റെ സാന്നിധ്യം ശ്രദ്ധേയമായി. സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ട് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടന രൂപീകരിച്ച് വൃക്കരോഗികള്‍ക്കു വൃക്ക ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായ ചിറമ്മല്‍ അച്ചനെയും പൊന്നാട അണിയിച്ച് ആദരിച്ചു. ഐ.പി.സി.എന്‍.എ വൈസ് പ്രസിഡന്റ് അനില്‍ ആറന്‍മുള സന്നിഹിതനായിരുന്നു. ഡബ്‌ളിയു. എം.സി ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭിനന്ദിച്ചു.




മേയര്‍ കെന്‍ മാത്യു, ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് ചെയര്‍വുമണ്‍ പൊന്നു പിള്ള, ഡബ്‌ളിയു.എം.സി റീജിയണല്‍ ചെയര്‍മാന്‍ ജേക്കബ് കുടശ്ശനാട്, നേര്‍കാഴ്ച ചീഫ് എഡിറ്ററും ഐ.പി.സി.എന്‍.എ ഹുസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സൈമണ്‍ വളാച്ചേരില്‍, ഐ.ഒ.സി ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ഗ്ലോബല്‍ ട്രഷറര്‍ ചേലത്ത്, ഹൂസ്റ്റണ്‍ ഗുരുവായൂര്‍ ടെമ്പിള്‍ പ്രസിഡന്റ് സുബിന്‍ ബാലകൃഷ്ണന്‍, ഫാ. എബ്രഹാം തോട്ടത്തില്‍, മാഗ് പ്രസിഡന്റ് ജോസ് ജോണ്‍, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു
റോനിസി മാലേത്ത്, സിസി രാജേഷ്, സൂസന്‍ ജേക്കബ് എന്നിവരുടെ ഇമ്പമാര്‍ന്ന ഗാനങ്ങളും നിസയുടെ മനോഹരമായ നൃത്തവും യോഗത്തിന് കൊഴുപ്പേകി. റോസിന്‍, മോനിഷ് എന്നിവരായിരുന്നു എം.സിമാര്‍. ഡബ്‌ളിയു.എം.സി ഹൂസ്റ്റണ്‍ പ്രോവിന്‍സ് വൈസ് ചെയര്‍മാന്‍ നൈനാന്‍ മാത്തുള്ള നന്ദി പ്രകാശിപ്പിച്ചു.
Warm reception to Baby Mathew Somatheeram WMC Global President by Houston province













