ജോർജ് തുമ്പയിൽ
എഡിസൺ, (ന്യു ജേഴ്‌സി): ഭിന്നതകളോ പരസ്പരം പാര വായ്പൊ ഇല്ലാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, രണ്ടു പതിറ്റാണ്ടിലേറെയായി പ്രവ ർത്തിക്കുന്നുവെങ്കിൽ അതിനു പ്രധാന കാരണം നിങ്ങൾ നാട്ടിൽ നിന്ന് വളരെ വർഷങ്ങൾക്ക് മുൻപേ ഇവിടെ വന്നതാണെന്നു വി.കെ. ശ്രീകണ്ഠൻ എം. പി. ഭിന്നതകൾ ഇല്ലാത്തത് എല്ലാ മലയാളികൾക്കും മാതൃകയാകേണ്ടതാണ്. കേരളം വിട്ട് വന്നപ്പോൾ പരസ്പരം സൗഹൃദമായി. മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സായി-ഇന്ത്യ പ്രസ് ക്ലബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കം കുറിച്ച് എഡിസണിലെ ഷെറാട്ടണിൽ സംഘടിപ്പിച്ച ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പരിച്ഛേദമായി നിങ്ങൾ മാറിയിരിക്കുന്നു. ട്രംപിനെ പോലെ സരസമായാണ് എല്ലാവരും സംസാരിച്ചത്-കൂട്ടച്ചിരിക്കിടയിൽ അദ്ദേഹം പറഞ്ഞു.
കാവ്യാത്മകമായിരുന്നു റാന്നി എം.എൽ.എ പ്രമോദ് നാരായന്റെ സംസാരം. ഒരു വിത്ത് വൃക്ഷമാകുന്ന ചേതോഹരമാകുന്ന പ്രക്രിയയിൽ അതിന്റെ വേരുകളെ ആദ്യമായി നനച്ച ഒരു മഴയുണ്ട്. ഇവിടെ വൃക്ഷങ്ങളായി നാനാ ശാഖകളായി മാറിയ നിങ്ങളെ നനച്ച വേരുകളുടെ പേരാണ് മലയാളം. ആ വേരുകളെ തേടാനുള്ള നിങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രസ് ക്ലബും മലയാളി സംഘടനകളും. മലയാളത്തോടുള്ള അഗാധമായ ആ സ്നേഹത്തെ നിങ്ങൾ മാധ്യമ പ്രവർത്തനമെന്നോ മലയാളി സംഘടനകളെന്നോ ഒക്കെ പേരിട്ടു വിളിക്കും. അതിലെല്ലാം പുലരുന്നത് ഇളനീര് പോലെ ഒഴുകുന്ന മധുര മലയാളമാണ്. കേരളത്തിന്റെ മഹാപാരമ്പര്യത്തിന്റെ ഒരു ചെറിയ ഘടകമാണ്.
പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ഉറക്കമില്ലാതെ പ്രവർത്തിച്ചുവെന്ന് പറഞ്ഞു. അദ്ദേഹത്തിന് നന്ദി. ഗാർസിയ മാർക്കേസ് പറഞ്ഞ പോലെ ഏറ്റവും മിഴിവാർന്ന ഓർമയായി ഹൃദയത്തിൽ സമ്മേളനത്തിന്റെ ഈ മൂന്നു ദിവസങ്ങൾ മാറട്ടെ.
മാധ്യമ രംഗത്തെ ഏറ്റവും ഉയരമുള്ള വ്യക്തി ആയിരിക്കും താനെന്ന് 24 ന്യുസിന്റെ ഹാഷ്മി താജ് ഇബ്രാഹിം. തന്റെ ജില്ലക്കാരനായ പ്രമോദ് നാരായൺ എം.എൽ.എ ആയി ജയിക്കാൻ കാരണം പൊക്കമില്ലായ്മയാണ്. അമ്മമാരൊക്കെ കെട്ടിപ്പിടിച്ച് ‘എന്റെ പൊന്നു മോനെ’ എന്ന് പറഞ്ഞു. അങ്ങനെ അമ്മമാരുടെ വോട്ട് മുഴുവൻ കിട്ടി. പൊക്കമില്ലായ്മ അനുഗ്രഹമായി-ഹാഷ്മി തമാശയായി പറഞ്ഞു.
മാധ്യമപ്രവർത്തകർക്ക് കേരളത്തിൽ വിലയില്ലാത്ത കാലമാണിതെന്ന് മാതൃഭൂമി ന്യുസിന്റെ മോത്തി രാജേഷ് പറഞ്ഞു. സോഷ്യൽ മീഡിയ മാധ്യമരംഗത്ത് കടന്നു കയറ്റം നടത്തിയതാണ് ഇതിനു ഒരു കാരണം.
അതിനോട് പക്ഷെ റിപ്പോർട്ടർ ചാനലിന്റെ സുജയ പാർവതി അനുകൂലിച്ചില്ല. മാധ്യമപ്രവർത്തകർ ഇപ്പോഴും അംഗീകരിക്കപ്പെടുക തന്നെ ചെയ്യുന്നുണ്ടെന്ന് അവർ പറഞ്ഞു.
പ്രസ് ക്ലബ് സമ്മേളനത്തിൽ അഞ്ചു പ്രാവശ്യം വന്ന ആളെന്ന നിലയിൽ ഒരു പെരിയ സ്വാമി ആണ് താനെന്ന് മനോരമ ന്യുസ് ഡയറക്ടർ ജോണി ലൂക്കോസ് പറഞ്ഞു.
തന്റെ മുന്നിലിരിക്കുന്ന പലരും ജനിക്കും മുൻപേ 1976 ൽ മോൺട്രിയോൾ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാൻ വന്നത് മുതിർന്ന മാധ്യമ പ്രവർത്തകൻ കുര്യൻ പാമ്പാടി അനുസ്മരിച്ചു. അന്ന് അമേരിക്ക ആകെ കറങ്ങി. മൂന്നു മാസത്തേക്ക് ഗ്രെ ഹൌണ്ട് ബസിനു 200 ഡോളറായിരുന്നു ചാർജ്.
വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ച ന്യുസ് 18 ന്റെ ലീൻ ബി ജെസ്മാസ്, ഏഷ്യാനെറ്റിന്റെ അബ്‌ജോദ് വർഗീസ് എന്നിവരും പങ്കെടുത്തു സംസാരിച്ചു.
പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ആമുഖ പ്രസംഗം നടത്തി. പുതിയ സാഹചര്യത്തിൽ അതിഥികൾക്ക് വിസ കിട്ടുവാൻ ഉണ്ടായ ബുദ്ധിമുട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പത്രക്കാർ വന്നത് കൊണ്ട് അമേരിക്കക്ക് എന്തു ഗുണം എന്ന് വിശദീകരിക്കേണ്ടി വന്നു.
ഉറക്കമില്ലാത്ത രാവുകൾ സുനിൽ ട്രൈസ്റ്റാറിനു സമ്മാനിച്ച പ്രസിഡണ്ട് സ്ഥാനം തന്റെ കയ്യിലെത്തുമ്പോൾ ഏവരുടെയും സഹകരണം നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത് അഭ്യർത്ഥിച്ചു.
ഹോസ്റ്റിങ് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിൽ എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. ജോജോ കൊട്ടാരക്കര എം സി യായിരുന്നു. അഡ്വൈസറി ബോർഡ് ചെയറും മുൻ പ്രസിഡന്റുമായ സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, കൺവൻഷൻ ചെയർ സജി എബ്രഹാം എന്നിവർ എക്സിക്യുട്ടിവിനെ പ്രതിനിധീകരിച്ച് സംസാരിച്ചു.
മുൻ പ്രസിഡന്റുമാരായ റെജി ജോർജ്, മാത്യു വർഗീസ്, മധു കൊട്ടാരക്കര, ടാജ് മാത്യു, ജോർജ് ജോസഫ്, മുൻ ജനറൽ സെക്രട്ടറി വിൻസന്റ് ഇമ്മാനുവേൽ എന്നിവരടക്കം പ്രസ് ക്ലബ് ഭാരവാഹികളും പ്രവർത്തകരും സംസാരിച്ചു.
പ്രസ് ക്ലബിന്റെ വിവിധ നഗരങ്ങളിലെ ചാപ്ടറുകളിൽ നിന്നുള്ള ഒട്ടേറെ പേർ പങ്കെടുക്കുന്നു. ഏറ്റവും കൂടുതൽ പ്രാതിനിധ്യവുമായി ഹ്യൂസ്റ്റൺ ചാപ്ടറിൽ നിന്ന് പ്രസിഡന്റ് സൈമൺ വാളാച്ചേരിയും നാഷനൽ വൈസ് പ്രസിഡന്റ് അനിൽ ആറൻമുളയും എത്തി.
മാധ്യമ പ്രവർത്തകർക്ക് പുറമെ അമേരിക്കൻ മലയാളി സംഘടനകളിൽ നിന്നുള്ള ഒട്ടേറെ പേരാണ് പങ്കെടുക്കുന്നത്. റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, മുൻ പ്രസിഡന്റ് അനിയൻ ജോർജ്, മുൻ സെക്രട്ടറി ജിബി തോമസ്, ലിസി മോൻസി, മോൻസി വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ലീലാ മാരേട്ട്, മുൻ അഡ്വൈസറി ബോർഡ് ചെയർ സജി പോത്തൻ, സ്പോൺസർമാരായ ബേബി ഊരാളിൽ, നോവ ജോർജ്, മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ആനി ലിബു, തങ്കമണി അരവിന്ദ് (വേൾഡ് മലയാളി), രാജൻ ചീരൻ, ഷിറാസ് (മിത്രാസ്), പി ടി തോമസ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തവരിൽ പെടുന്നു.
when-i-left-the-country-i-forgot-my-differences-and-achieved-unity-v-k-sreekandan-mp-at-the-india-press-club-meeting