വാഷിംഗ്ടൺ ഡി.സി.: ‘അമേരിക്കൻ വിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് നാഷണൽ കൗൺസിൽ ഓൺ ഹ്യുമാനിറ്റീസിലെ (NCH) ഭൂരിഭാഗം അംഗങ്ങളെയും വൈറ്റ് ഹൗസ് പിരിച്ചുവിട്ടു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വീക്ഷണങ്ങളോട് കൂടുതൽ യോജിപ്പുള്ള അംഗങ്ങളെ നിയമിക്കാനാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. 26 പേര്അടങ്ങുന്ന കൗൺസിലിൽ, ട്രംപ് നിയമിച്ച നാല് പേർ മാത്രമാണ് ഇപ്പോൾ തുടരുന്നത്.
പ്രസിഡൻ്റ് ട്രംപിൻ്റെ കാഴ്ചപ്പാടുകൾക്ക് അനുകൂലിക്കത്ത, കൗൺസിലിലെ 22 പേരെയാണ് ഉടനടി പ്രാബല്യത്തിൽ പിരിച്ചുവിട്ടത്. സാംസ്കാരിക, കലാ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലിബറലിസത്തിൻ്റെ കോട്ടകളും അമേരിക്കൻ വിരുദ്ധത പ്രചരിപ്പിക്കുന്നവരുമാണെന്ന് ട്രംപ് പലപ്പോഴും ആരോപിച്ചിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധം, ട്രാൻസ്ജെൻഡർ നയങ്ങൾ, കാലാവസ്ഥാ സംരംഭങ്ങൾ, വൈവിധ്യവൽക്കരണ പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
നടപടിക്രമങ്ങൾ തടസ്സപ്പെടാൻ സാധ്യത:
26 അംഗങ്ങളുള്ള കൗൺസിലിൽ നയപരമായ വിഷയങ്ങളിലും ധനസഹായത്തിൻ്റെ കാര്യങ്ങളിലും നാഷണൽ എൻഡോവ്മെൻ്റ് ഫോർ ദി ഹ്യുമാനിറ്റീസ് (NEH) ചെയർമാനെ ഉപദേശിക്കുന്നത് NCH ആണ്. കൗൺസിലിൻ്റെ മീറ്റിംഗുകൾക്ക് കുറഞ്ഞത് 14 അംഗങ്ങളുടെ സാന്നിധ്യം (ക്വോറം) ആവശ്യമാണ്. കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് കൗൺസിലിൽ 4 പേർ മാത്രമാണ് അവശേഷിക്കുന്നത്. പുതിയ അംഗങ്ങളെ സെനറ്റ് സ്ഥിരീകരിക്കേണ്ടതുണ്ട്. ഈ നീക്കം സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ട്രംപിൻ്റെ സമീപനത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.













