തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ്. രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷസ്ഥാനം രാജിവെച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്. തൃശ്ശൂർ സ്വദേശിയാണ് ജനീഷ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
യൂത്ത് കോൺഗ്രസിൽ ഇതുവരെ ഇല്ലാതിരുന്ന സ്ഥാനമാണ് വർക്കിങ് പ്രസിഡന്റ് എന്നത്. കെ.സി. വേണുഗോപാലിന്റെ താല്പര്യമാണ് ബിനു ചുള്ളിയിലിന് സ്ഥാനം ലഭിക്കാൻ കാരണം. അതേസമയം, സാമുദായിക സമവാക്യമാണ് സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് തിരിച്ചടിയായത്. അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.
നിയമനത്തിലെ ചർച്ചകളും സമവായവും
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ആളായിരുന്നു അബിൻ വർക്കി. രമേശ് ചെന്നിത്തല അബിൻ വർക്കിക്ക് വേണ്ടി നിലപാട് സ്വീകരിച്ചെങ്കിലും, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഒ.ജെ. ജനീഷിനെ അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു. ഷാഫി പറമ്പിലിന്റെ വിശ്വസ്തനായി എന്നതാണ് ജനീഷിന് തുണയായത്. എ ഗ്രൂപ്പുകാരനായ ജനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചത് ഷാഫിയുടെ കടുംപിടുത്തവുമാണ്.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ച്, ഏറ്റവും കൂടുതൽ വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ഭാഗമായ രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ശക്തമായ ആവശ്യം. ഏകദേശം 70,000-ത്തോളം വോട്ടുകൾ അബിൻ വർക്കിക്ക് ലഭിച്ചിരുന്നു. അവസാന ഘട്ടം വരെ ചെന്നിത്തല ഈ ആവശ്യത്തിൽ ഉറച്ചുനിന്നു.
എന്നാൽ, നിലവിലെ കെ.എസ്.യു. അധ്യക്ഷനും മഹിളാ കോൺഗ്രസ് അധ്യക്ഷയും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനവും കൂടി ന്യൂനപക്ഷ വിഭാഗത്തിന് നൽകുന്നത് സാമുദായിക സമവാക്യങ്ങൾ തകിടം മറിക്കുമെന്ന വാദം ഉയർന്നു. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളയാളാണ് അബിൻ വർക്കി എന്നതും എറണാകുളം ജില്ലയിൽ നിന്നുള്ള നേതാവാണ് എന്നതും എതിർവാദങ്ങൾക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പിൽ നിന്നുള്ള നേതാവായ ഒ.ജെ. ജനീഷിനെ (38 വയസ്സ്) സമവായ സ്ഥാനാർത്ഥിയായി പരിഗണിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് ജനീഷ്.
കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിരുന്ന ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ മാള സ്വദേശിയാണ്.
Youth Congress announces OJ Janish as president; Binu Chulliyel as working president













