യുഎസിന്‍റെ കടുപ്പമേറിയ നീക്കം വളരെ പ്രധാനമെന്ന് സെലെൻസ്കി; ‘മോസ്കോയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടത് അത്യാവശ്യം’

യുഎസിന്‍റെ കടുപ്പമേറിയ നീക്കം വളരെ പ്രധാനമെന്ന് സെലെൻസ്കി; ‘മോസ്കോയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടത് അത്യാവശ്യം’

ബ്രസ്സൽസ്: റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയ നടപടി വളരെ പ്രധാനമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്കി. റഷ്യയോടുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നിലപാടിൽ വന്ന ശ്രദ്ധേയമായ മാറ്റമാണ് ഈ നീക്കത്തിലൂടെ കാണാൻ കഴിയുന്നത്. യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ബ്രസ്സൽസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സെലൻസ്കി. റഷ്യയെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരാൻ മോസ്കോയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ച ഉപരോധങ്ങൾ റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനെയും ലുക്കോയിലിനെയുമാണ് ലക്ഷ്യമിട്ടത്. യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ, ഉടൻ വെടിനിർത്തലിന് സമ്മതിക്കണമെന്ന് യുഎസ് ഗവൺമെന്റ് മോസ്കോയോട് ആഹ്വാനം ചെയ്യുന്നതിനിടെയാണ് ഈ ഉപരോധം. യുക്രൈൻ യുദ്ധം തുടരുന്നതിന് റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഴ്ചകളായി സൂചന നൽകിയിരുന്നുവെങ്കിലും, ഇതുവരെ വലിയ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

Share Email
Top