ജൊഹനാസ്ബര്‍ഗ്: തങ്ങള്‍ക്ക് കൂടുതല്‍ പലസ്തീനികളെ സ്വീകരിക്കാനില്ലെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്ക. ഗാസയില്‍ നിന്ന് യാത്രാ രേഖകളില്ലാതെ നിരവധി പാലസ്തീനികള്‍ ദക്ഷിണാഫ്രിക്കയിലെത്തിയതിനു പിന്നാലെയാണ് സൗത്ത ആഫ്രിക്കയുടെ ഈ പ്രതികരണം.
ജൊഹനാസ്ബര്‍ഗിലെ താംപോ വിമാനത്താവളത്തില്‍ രേഖകളില്ലാതെ 153 പലസ്തീനികള്‍ വന്നിറങ്ങിയിരുന്നു. ഫ്രാന്‍സിന്റെ വിമാനത്തിലായിരുന്നു ഇവര്‍ വന്നത്. ഈ വിമാനം ഗാസയില്‍ നിന്നും വെസ്റ്റ്ബാങ്കില്‍ നിന്നും പലസ്തീനുകാരെ ഒഴിപ്പിക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമെന്നാണ് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രി റൊണാള്‍ഡ് ലമോള ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ആരോപണത്തേക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തില്‍ നിന്ന് കെനിയന്‍ തലസ്ഥാനമായ നെയ്റോബി വഴിയാണ് സംഘം രാജ്യത്തേക്ക് പറന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ പലസ്തീന്‍ എംബസി വ്യക്തമാക്കി.
നേരത്തെ അറിയിക്കാതെയായിരുന്നു ഇതെന്നും പലസ്തീന്‍ എംബസി ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ഗാസയിലെ പൗരന്മാരുടെ അവസ്ഥ ചൂഷണം ചെയ്യപ്പെട്ടുവെന്നും രജിസ്റ്റര്‍ ചെയ്യാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു സംഘടനയാണ് ഇതിന് പിന്നിലെന്നും പലസ്തീന്‍ കുടുംബങ്ങളില്‍ നിന്ന് പണം പിരിച്ച ശേഷം നിരുത്തരവാദപരമായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചുവെന്നാണ് ദക്ഷിണാഫ്രിക്കയിലെ പലസ്തീന്‍ എംബസി വിശദമാക്കുന്നത്.
വ്യാഴാഴ്ചയാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 153 പലസ്തീന്‍കാരുമായി ചാര്‍ട്ടേഡ് വിമാനം ദക്ഷിണാഫ്രിക്കയിലെത്തിയത്. രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചതോടെ ഇവര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. വിസയില്ലാതെ 90 ദിവസത്തേക്ക് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാന്‍ പലസ്തീന്‍ പൗരന്മാര്‍ക്ക് അനുമതിയുണ്ട്.
153 Palestinians brought to Johannesburg without documents: South Africa says it cannot accept more Palestinians













