വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും വലിയ പ്രതിരോധ സ്വപ്നമായ ‘ഗോൾഡൻ ഡോം’ മിസൈൽ ഷീൽഡ് പദ്ധതി കടുത്ത കാലതാമസത്തിലേക്ക് വഴുതി വീഴുന്നു. 43 ദിവസം നീണ്ടു നിന്ന സർക്കാർ ഷട്ട്ഡൗണും 25 ബില്യൺ ഡോളർ എങ്ങനെ ചെലവഴിക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ലാത്തതുമാണ് പ്രധാന തടസ്സങ്ങൾ. ഷട്ട്ഡൗണിനെ തുടർന്ന് പുതിയ ജീവനക്കാരെ നിയമിക്കാനും കരാറുകൾക്ക് അംഗീകാരം നൽകാനും ഒപ്പിടാനും സാധിച്ചില്ല. നിർണായക ഉദ്യോഗസ്ഥരെ സാധാരണ ജോലികളിൽ നിന്ന് പൂർണമായി പിൻവലിച്ചതോടെ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏതാണ്ട് സ്തംഭനാവസ്ഥയിലായി.
പദ്ധതിയുടെ പല ഭാഗങ്ങളും അതീവ രഹസ്യമായതിനാൽ പേര് വെളിപ്പെടുത്താൻ മടിച്ച മൂന്ന് വ്യവസായ പ്രമുഖരും ഒരു യുഎസ് ഉദ്യോഗസ്ഥനും റോയിട്ടേഴ്സിനോട് ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിലും വലിയ പ്രശ്നം, ഈ വേനൽക്കാലത്ത് കോൺഗ്രസ് അംഗീകരിച്ച ബജറ്റ് അനുരഞ്ജന പാക്കേജിൽ ‘ഗോൾഡൻ ഡോമിന്’ വേണ്ടി പ്രത്യേകം നീക്കിവച്ച 25 ബില്യൺ ഡോളർ (ഏകദേശം ₹2.1 ലക്ഷം കോടി) ഇതുവരെ കൃത്യമായ ചെലവ് പദ്ധതിയാക്കി മാറ്റിയിട്ടില്ല എന്നതാണ്. ഭരണകൂടത്തിലെ രണ്ട് ഉന്നത വൃത്തങ്ങൾ, കാപ്പിറ്റോൾ ഹില്ലിലെ ഒരു സ്രോതസ്സ്, രണ്ട് പ്രമുഖ വ്യവസായ എക്സിക്യൂട്ടീവുകൾ എന്നിവരും ഇക്കാര്യം ശരിവച്ചു.
ഭരണത്തിന്റെ ഏഴാം ദിവസം തന്നെ 175 ബില്യൺ ഡോളർ ചെലവഴിച്ച് 2028-ഓടെ അമേരിക്കയുടെ മുഖ്യ ഭൂപ്രദേശത്തിന് മുകളിൽ ‘ഗോൾഡൻ ഡോം’ ഉയർത്തുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിലവിലെ കാലതാമസവും ധനവിനിയോഗ ആശയക്കുഴപ്പവും ആ വാഗ്ദാനത്തിന് മങ്ങൽ വരുത്തുന്നതായി വിലയിരുത്തപ്പെടുന്നു.













