വാഷിംഗ്ടൺ: ഗ്രാൻഡ് കാന്യൻ, യെല്ലോസ്റ്റോൺ ഉൾപ്പെടെയുള്ള യുഎസ് ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന വിദേശ വിനോദസഞ്ചാരികൾ ഇനിമുതൽ വലിയ സർചാർജ് നൽകേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രശസ്തമായ യുഎസ് ദേശീയോദ്യാനങ്ങൾ പ്രവർത്തിപ്പിക്കുന്ന ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ദി ഇന്‍റീരിയർ അറിയിച്ചത് അനുസരിച്ച്, 2026 മുതൽ വിദേശ സന്ദർശകർ, ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന 11 ദേശീയോദ്യാനങ്ങളിൽ പ്രവേശിക്കുന്നതിന് നിലവിലെ പ്രവേശന ഫീസിന് പുറമെ 100 ഡോളർ (ഏകദേശം ₹8,300) അധികമായി നൽകണം.
അതേസമയം, വിദേശികൾക്കായി എല്ലാ പാർക്കുകളിലുമുള്ള വാർഷിക പാസിന്‍റെ വില മൂന്നിരട്ടിയായി വർധിപ്പിച്ച് 250 ഡോളർ (ഏകദേശം ₹20,700) ആകും. “പ്രസിഡന്‍റ് ട്രംപിന്‍റെ നേതൃത്വം എല്ലായ്പ്പോഴും അമേരിക്കൻ കുടുംബങ്ങൾക്ക് പരമമായ പ്രാധാന്യം നൽകുന്നു,” ഇൻ്റീരിയർ സെക്രട്ടറി ഡഗ് ബർഗം പ്രസ്താവനയിൽ പറഞ്ഞു. “ദേശീയോദ്യാന സംവിധാനത്തെ നിലവിൽ പിന്തുണയ്ക്കുന്ന യുഎസ് നികുതിദായകർക്ക് താങ്ങാനാവുന്ന പ്രവേശനം തുടർന്നും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ ടൂറിസത്തിൻ്റെ അമൂല്യ സമ്പത്തായി കണക്കാക്കപ്പെടുന്ന 63 ഔദ്യോഗിക ദേശീയോദ്യാനങ്ങളിൽ വർഷം തോറും കോടിക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. 2024-ൽ ഏകദേശം 332 ദശലക്ഷം ആളുകൾ ഈ പാർക്കുകൾ സന്ദർശിച്ചതായി നാഷണൽ പാർക്ക് സർവീസ് പറയുന്നു. നിലവിൽ, എല്ലാ പാർക്കുകളിലും പരിധിയില്ലാത്ത വാർഷിക പ്രവേശനം നൽകുന്ന “അമേരിക്ക ദി ബ്യൂട്ടിഫുൾ” പാസിൻ്റെ സാധാരണ വില എല്ലാവർക്കും 80 ഡോളർ മാത്രമാണ്.













