ന്യൂയോര്‍ക്ക് : ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശികള്‍ അമേരിക്കയിലേക്ക് എത്തുന്നതിന് ഏറ്റവും വലിയ ഘടകമായ എച്ച്-1ബി വീസ പദ്ധതി പൂര്‍ണമായി ഇല്ലാതാക്കാന്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങി റിപ്പബ്ലിക്കന്‍ പാര്‍ട്ടി വനിതാ നേതാവ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജോര്‍ജിയയില്‍ നിന്നുള്ള ജന പ്രതിനിധിയായ മാര്‍ജറി ടെയ്‌ലര്‍ ഗ്രീനിയാണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരത്തിലൊരു നിയമം നടപ്പാക്കുന്നതിലൂടെ എച്ച് വണ്‍ ബി വീസ വഴി അമേരിക്കയിലെത്തി യുഎസ് പൗരത്വം നേടാനുള്ള വിദേശികളുടെ നീക്കം അവസാനിക്കുമെന്നും എക്‌സ്സില്‍ പങ്കുവച്ച വിഡിയോയില്‍ ഇവര്‍ പറഞ്ഞു.
ജോലിക്കായി യുഎസില്‍ എത്തുന്ന വിദേശികള്‍ ആ വീസ കാലാവധി കഴിയുമ്പോള്‍ തിരിച്ചുപോകുന്ന തരത്തില്‍ നിയമം മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. അമേരിക്കന്‍ ജനതയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാനായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും പരമാവധി 10,000 വീസകള്‍ എന്ന പരിധിവെയ്ക്കണമെന്നും ഇവര്‍ വാദിക്കുന്നു.
പത്തു വര്‍ഷത്തിനുള്ളില്‍ ഇത് ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയും വേണമെന്നുമാണ് ഇവരുടെ ആവശ്യം. അമേരിക്കന്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതിനായി യുഎസ് സ്ഥാപനങ്ങള്‍ എച്ച് വണ്‍ ബി വീസ ദുരുപയോഗം ചെയ്യുന്നുവെന്ന് ഗ്രീന്‍ ആരോപിച്ചു.
എച്ച്-1 ബി പ്രോഗ്രാം അവസാനിപ്പിക്കണമെന്നും സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, എഞ്ചിനീയറിംഗ്, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് ഇവരുടെ വാദം
എച്ച്-1ബി വിസ പ്രോഗ്രാമിനെ പ്രസിഡന്റ് ട്രംപ് അനുകൂലിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അതേ പാര്‍ട്ടിയിലെ തന്നെ വനിതാ നേതാവ് നേര്‍ വിപരീതമയാ ഒരു നിലപാടുമായി രംഗത്തു വന്നിട്ടുള്ളത്.
Bill to end H-1B visa programme soon, says Republican Congresswoman













