ന്യൂയോർക്ക്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയർ സൊഹ്റാൻ മംദാനിയുടെ നേതൃത്വത്തിൽ ന്യൂയോർക്ക് സിറ്റി മുംബൈയുടെ പോലെയാകുമെന്ന് റിയൽ എസ്റ്റേറ്റ് നിക്ഷേപകനും ശതകോടീശ്വരനുമായ ബാരി സ്റ്റേൺലിക്റ്റിന്റെ മുന്നറിയിപ്പ്. ജനുവരി 1-നാണ് മംദാനി ചുമതലയേൽക്കുന്നത്. സ്റ്റാർവുഡ് കാപിറ്റൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ സ്റ്റേൺലിക്റ്റ്, മംദാനിയുടെ വിജയത്തിനു പിന്നാലെ തന്റെ കമ്പനി ന്യൂയോർക്കിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ച് സിഎൻബിസിയോട് വെളിപ്പെടുത്തി.
ഉയരുന്ന ചെലവുകളും ബിസിനസ് വിരുദ്ധ നയങ്ങളും മൂലം മറ്റ് സ്ഥാപനങ്ങളും നഗരത്തിൽ നിന്ന് പ്രവർത്തനങ്ങൾ മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. മിഡ്‌ടൗൺ മാൻഹട്ടനിലെ ഓഫീസുകളും ന്യൂയോർക്കിലെ വിശാലമായ വാണിജ്യ, വാസസ്ഥല റിയൽ എസ്റ്റേറ്റ് സ്വത്തുക്കളും സ്റ്റാർവുഡ് കാപിറ്റൽ ഗ്രൂപ്പിനുണ്ട്. പ്രധാന വികസന പദ്ധതികളിൽ ദീർഘകാലം ഏർപ്പെട്ടിരിക്കുന്ന ഈ സ്ഥാപനം, നിർബന്ധിത യൂണിയൻ നിയമങ്ങളും വർധിക്കുന്ന പ്രോജക്ട് ചെലവുകളും കൂടുതൽ നിക്ഷേപത്തിൽ നിന്ന് പിന്മാറ്റമുണ്ടാക്കുന്നുവെന്ന് സ്റ്റേൺലിക്റ്റ് പറഞ്ഞു.
“ന്യൂയോർക്കിലെ 100 മില്യൺ ഡോളറിനു മുകളിലുള്ള എല്ലാ പ്രോജക്ടുകളും യൂണിയൻ നിയമങ്ങൾ പാലിക്കണം, അത് അമിതമായ ചെലവുണ്ടാക്കുന്നു. ഇത് വസതികളുടെ വിലയിൽ കൂട്ടത്തക്ക വർധനവുണ്ടാക്കുന്നു. മറ്റ് ഡെവലപ്പർമാർ യൂണിയനുകളുമായി കരാറുകൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, അവരാണ് ന്യൂയോർക്കിനെ നിയന്ത്രിക്കുന്നത്. നീല സംസ്ഥാനങ്ങളിൽ (ഡെമോക്രാറ്റുകർ നയിക്കുന്ന സംസ്ഥാനങ്ങളിൽ) ചെലവുകൾ കൂടുന്നതിനും വീടുകൾ വിതരണം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾക്കും ഇത് പ്രധാന കാരണമാണ്,” സ്റ്റേൺലിക്റ്റ് ഒരു അഭിമുഖത്തിൽ പറഞ്ഞു.












