ക്‌നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗാലറി നാടിനു സമർപ്പിച്ചു

ക്‌നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗാലറി നാടിനു സമർപ്പിച്ചു

ക്‌നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗാലറി നാടിനു സമർപ്പിച്ചു.

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വെഞ്ചരിച്ച് നാടിന് സമർപ്പിച്ചു. കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്ജ് നാടമുറിച്ച് ഗ്യാലറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

വെഞ്ചരിപ്പിനെ തുടർന്നു നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. അബ്രാഹത്തിന്റെ വിളിയിൽ ആരംഭിച്ച് ഇന്നും ജീവിക്കുന്ന ക്‌നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നതാണ് ബിഷപ് കുന്നശ്ശേരി മെമ്മോറിയൽ ഹെറിറ്റേജ് ഗ്യാലറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പിതാവ് പറഞ്ഞു. ഇന്നും ജീവിക്കുന്നതും നൂറ്റാണ്ടുകളെ ബന്ധപ്പിക്കുന്നതുമായ ഗാലറി കഴിഞ്ഞ കാലത്തെ സജീവമാക്കിനിർത്തിക്കൊണ്ട് യഥാർത്ഥ വിശ്വാസത്തെ മുറുകെപ്പിടിച്ചു മുന്നേറാൻ പ്രചോദനമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മ്യൂസിയത്തെക്കുറിച്ചുള്ള ലഘുവിവരണം സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം യോഗത്തിൽ അവതരിപ്പിച്ചു. അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ സ്വാഗതവും, പ്രൊക്കുറേറ്റർ ഫാ. അബ്രാഹം പറമ്പേട്ട് കൃതജ്ഞതയും അർപ്പിച്ചു സംസാരിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, ബാബു പറമ്പടത്തുമലയിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മ്യൂസിയത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ച പ്രവർത്തിച്ച വിഷ്വൽ ആർട്ടിസ്റ്റ് പി.കോ രാമചന്ദ്രൻ നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു. അതിരൂപതാ സിഞ്ചെല്ലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഒ.എസ്.എച്ച് സുപ്പീരിയർ ജനറൽ ഫാ. ജോസ് കന്നുവെട്ടിയേൽ, ഒ.എസ്.ബി സുപ്പീരിയർ ജനറൽ ഫാ. ബിനോ ചേരിയിൽ, എം.എസ്.പി ഡയറക്ടർ ഫാ. മാത്യു മണക്കാട്ട്, സ്റ്റീഫൻ ജോർജ്ജ് എക്സ്.എം.എൽ.എ, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ മദർ ജനറാൾ സിസ്റ്റർ ഇമ്മാക്കുലേറ്റ്, സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിന്റെ മദർ ജനറാൾ സിസ്റ്റർ അനിത എസ്.ജെ.സി, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറൽ സിസ്റ്റർ ലിസി മുടക്കോടിൽ, എൽ.ഡി.എസ്.ജെ.ജി സുപ്പീരിയർ സി. റോമിൽഡ, എന്നിവർ സന്നിഹിതരായിരുന്നു

ക്നാനായ ജനതയുടെ കുടിയേറ്റ ചരിത്രവും വളർച്ചയും വിഷ്വൽ ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്നാനായ ജനതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയുടെ മുറ്റത്ത് ക്നാനായ പൈതൃകാവബോധം ഉണർത്താൻ അക്ഷീണം പ്രയത്നിച്ച കടുത്തുരുത്തി ഇടവകക്കാരനും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ നാമധേയത്തിലാണ് ക്നാനായ ഹെറിറ്റേജ് ഗ്യാലറി എന്ന പൈതൃക സ്മാരകം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ക്നാനായ ജനതയുടെ വ്യതിരക്ത കലാസമ്പ്രദായങ്ങളും തനതായ വിവാഹാചാരങ്ങളും പ്രതിപാദിക്കുന്ന ചിത്രശില്പ കാഴ്ചകൾ വിഷ്വൽ ഗാലറിയിൽ ക്രമീകരിച്ചിട്ടുണ്ട്. കേരളസഭയിൽ കാലാന്തരത്തിൽ സംഭവിച്ച വിടവുകളും പുനരൈക്യ പാതകളും ഹൃദ്യമായി വരയ്ക്കുകയും പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിന്റെ ആത്മീയ-ഭൗതിക മണ്ഡലങ്ങളിൽ സംഭാവനകൾ നല്കിയ ക്നാനായ സമുദായാംഗങ്ങളെ മ്യൂസിയത്തിൽ സ്മരിക്കുന്നുണ്ട്. ഇടവകകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും കുടുംബങ്ങളിൽനിന്നും സമാഹരിച്ച ചരിത്ര സ്മാരകങ്ങളുടെ മാതൃകാ പ്രദർശനം, എ.ഡി. 345 ലെ ക്നാനായ കുടിയേറ്റം മുതൽ കോട്ടയം അതിരൂപത വരെ എത്തിച്ചേർന്ന വളർച്ചയുടെ വിവിധ ഘട്ടങ്ങളുടെ ദൃശ്യാവിഷ്‌ക്കാരവും കടുത്തുരുത്തി വലിയ പള്ളിയുടെ പ്രൗഢിയും പാരമ്പര്യവും നേരിട്ടു മനസ്സിലാക്കുന്നതിനുള്ള അവസരവും ക്നാനായ ഹെറിറ്റേജ് ഗാലറി സന്ദർശകർക്ക് ആസ്വദിക്കാനാകും. ക്നാനായ ചരിത്രം വിശദീകരിക്കുന്ന ദൃശ്യ-ശ്രാവ്യ ശേഖരങ്ങൾ ഗാലറിയിൽ തയ്യാറാക്കിയിട്ടുണ്ട്. ഭാരത സഭാചരിത്രത്തിലേക്കും കേരളസഭാ ചരിത്രത്തിലേക്കുമുള്ള പടിവാതിൽ കൂടിയായ ഈ ഹെറിറ്റേജ് ഗാലറി സന്ദർശിക്കുന്നത് വിശ്വാസതീക്ഷ്ണതയും ചരിത്രാവ ബോധവും വളർത്താൻ ഉപകരിക്കുന്നതോടൊപ്പം ക്നാനായ സമുദായ ശാക്തീകരണത്തിനും സഹായിക്കും.

Share Email
LATEST
Top