കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന ബിജെപിയുടെ വമ്പൻ ലക്ഷ്യം തകർന്നടിഞ്ഞു. ഏകദേശം 8,000 വാർഡുകളിൽ പാർട്ടിക്ക് സ്ഥാനാർത്ഥികളെ കണ്ടെത്താനായില്ലെന്ന് നോമിനേഷൻ പൂർത്തിയായതോടെ സ്ഥിരീകരിച്ചു. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും വലിയ കുറവ്. രാജ്യം ഭരിക്കുന്ന പാർട്ടി കേരളത്തിൽ ഇത്രയധികം വാർഡുകളിൽ മത്സരരംഗത്തു പോലും എത്താത്തത് കടുത്ത നാണക്കേടായിട്ടുണ്ട്.
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 100 ശതമാനം വാർഡുകളിലും മത്സരിക്കുമെന്നായിരുന്നു ബിജെപി പ്രഖ്യാപിച്ചത്. എന്നാൽ സംസ്ഥാന നേതൃയോഗത്തിൽ 90 ശതമാനം വാർഡുകളിലും സ്ഥാനാർത്ഥികളുണ്ടെന്ന് അവകാശപ്പെട്ടത് പൊള്ളയായി. ചിലയിടങ്ങളിൽ നാമനിർദേശ പത്രിക തള്ളപ്പെടുകയും പിന്തുണക്കാർ ഇല്ലാതെ വരികയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ മേഖലകളിലും കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള വാർഡുകളിലും പരമ്പരാഗതമായി സ്ഥാനാർത്ഥി കണ്ടെത്താൻ കഴിയാത്ത പ്രതിസന്ധി തുടരുന്നതായി നേതാക്കൾ സമ്മതിക്കുന്നു.
എന്നാൽ നേരിട്ടും ഘടകകക്ഷികൾ വഴിയും സ്വതന്ത്രരായും ചേർത്താൽ 98 ശതമാനം വാർഡുകളിലും എൻഡിഎ സാന്നിധ്യമുണ്ടെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ വാദം. ഇതുവരെ മത്സരിച്ച തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തിയത് ഇത്തവണയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എതിരാളികളുടെ ഭീഷണി മൂലമാണ് സ്ഥാനാർത്ഥികളില്ലാത്തതെന്ന വാദം ബിജെപി ഉയർത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വാർഡ് പുനർനിർണയത്തിൽ ബിജെപി സ്വാധീനമുള്ള പ്രദേശങ്ങൾ വെട്ടിമാറ്റിയെന്നും സിറ്റിംഗ് വാർഡുകൾ വിഭജിച്ച് ദുർബലപ്പെടുത്തിയെന്നും പാർട്ടി ആരോപിക്കുന്നു. 2020-ൽ ജയിച്ചതും രണ്ടാം സ്ഥാനത്തെത്തിയതുമായ വാർഡുകൾ ഉൾപ്പെടെ പലതും പുനർനിർണയത്തിൽ ഇല്ലാതായി. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ലക്ഷ്യം ബിജെപിയെ തോൽപ്പിക്കലാണെന്ന് നേതാക്കൾ ആരോപിച്ചു. പലയിടത്തും പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും അവർ പറയുന്നു.













