വ്യാപാര ചർച്ച തടസപ്പെടുത്തിയ പരസ്യം: യുഎസ് പ്രസിഡന്റിനോട് മാപ്പ് പറഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി

വ്യാപാര ചർച്ച തടസപ്പെടുത്തിയ പരസ്യം: യുഎസ് പ്രസിഡന്റിനോട് മാപ്പ് പറഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ച രാഷ്ട്രീയ പരസ്യത്തിൻ്റെ പേരിൽ താൻ ട്രംപിനോട് ക്ഷമ ചോദിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. “ഞാൻ പ്രസിഡന്റിനോട് ക്ഷമ ചോദിച്ചു,” എന്ന് ഈ വിഷയത്തെക്കുറിച്ച് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ കാർണി പറഞ്ഞു. “പ്രസിഡന്റിനെ ഈ പരസ്യം അലോസരപ്പെടുത്തി. ആ പരസ്യം നൽകുക എന്നത് ഞാൻ ചെയ്യാൻ ആഗ്രഹിച്ചിരുന്ന കാര്യമല്ല, അതിനാൽ ഞാൻ അദ്ദേഹത്തോട് മാപ്പ് പറഞ്ഞു.”

യുഎസ് വ്യാപാര നയത്തെക്കുറിച്ച് ഒരു സംവാദം ആരംഭിക്കുക എന്ന ലക്ഷ്യം കൈവരിച്ചതിന് ശേഷം തൻ്റെ പ്രൊവിൻഷ്യൽ സർക്കാർ ആ പരസ്യം പിൻവലിച്ചതായി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസിൽ, പ്രത്യേകിച്ച് വേൾഡ് സീരീസ് മത്സരങ്ങൾക്കിടെ, പരസ്യം വ്യാപകമായി സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണ കൊറിയയിൽ നിന്ന് തിരിച്ചെത്തിയ ട്രംപ്, തൻ്റെ ഭരണകൂടം വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ സാധ്യതയില്ലെന്ന് ഇന്നലെ പറഞ്ഞു. തനിക്ക് കാർണിയെ വളരെ ഇഷ്ടമാണ്, പക്ഷേ അവർ ചെയ്തത് തെറ്റായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിൽ പ്രതികരിച്ചു, ആ പരസ്യത്തിൻ്റെ പേരിൽ അദ്ദേഹം ക്ഷമ ചോദിച്ചുവെന്നും പ്രസിഡന്റ് പറഞ്ഞു.

Share Email
LATEST
More Articles
Top