ചിക്കാഗോ: 42-ാമത് ചിക്കാഗോ എക്യൂമെനിക്കല്‍ സണ്‍ഡേ സ്‌കൂള്‍ ഫെസ്റ്റ് 2025 ചിക്കാഗോ തിരുഹൃദയ ക്‌നാനായ ഫൊറോനാ ദൈവാലയത്തില്‍ ഐക്യത്തിന്റെ, ആത്മീയതയുടെ, കലാപാരമ്പര്യത്തിന്റെ ഭംഗിയോടെ നടന്നു. 17 ഇടവകളില്‍ നിന്നുള്ള 175 കുട്ടികള്‍ പങ്കെടുത്ത എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രധാന ഉദ്ദേശ്യങ്ങളില്‍ ഒന്നായ ഈ മഹോത്സവം, കുട്ടികള്‍ക്ക് അവരുടെ ആത്മീയതയും കലാപാടവവും പ്രകടിപ്പിക്കാനുള്ള മനോഹര വേദിയായി.
ചിക്കാഗോ തിരുഹൃദയ ക്‌നാനായ ഫൊറോനാ ദൈവാലയ വികാരി ഫാ. ഏബ്രാഹം കളരിക്കല്‍ പ്രാര്‍ത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. സണ്‍ഡേ സ്‌കൂള്‍ ഫെസ്റ്റ് ചെയര്‍മാന്‍ . ഫാ. ജോ വര്ഗീസ്, എക്യൂമെനിക്കല്‍ പ്രസിഡണ്ട് . ഫാ. തോമസ് മാത്യു (ജോബി അച്ചന്‍) എന്നിവര്‍ ആമുഖപ്രഭാഷണം നടത്തി. കണ്‍വീനര്‍ ബിനോയി കിഴക്കനടി സ്വാഗതം അറിയിച്ചു.

വിവിധ പ്രായവിഭാഗങ്ങള്‍ക്കായി ഗാനം (ഇംഗ്ലീഷ് & മലയാളം), പ്രഭാഷണം (ഇംഗ്ലീഷ് & മലയാളം), ഉപകരണ സംഗീതം, ഫാന്‍സി ഡ്രസ്, നൃത്തം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ്, ബൈബിള്‍ വായന, ബൈബിള്‍ ക്വിസ് തുടങ്ങിയ ഇനങ്ങളും, ഗ്രൂപ്പ് വിഭാഗത്തില്‍ ഗാനം, നൃത്തം, നാടോടി നൃത്തങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.
ചെയര്‍മാന്‍ ഫാ. ജോ വര്‍ഗീസ്, കണ്‍വീനര്‍ ബിനോയി കിഴക്കനടി, എക്യൂമെനിക്കല്‍ പ്രസിഡണ്ട് ഫാ. തോമസ് മാത്യു (ജോബി അച്ചന്‍), വൈസ് പ്രസിഡന്റ് . ഫാ. ബിജു യോഹന്നാന്‍, സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ട്രഷറര്‍ ജോര്‍ജ് മാത്യു, വിവിധ ഇടവകകളിലെ വൈദികര്‍, ഫെസ്റ്റ് കമ്മിറ്റി അംഗങ്ങള്‍, എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കി.
സമാപന സമ്മേളനത്തില്‍ റെവ. ഫാ. തോമസ് മാത്യു സമാപന സന്ദേശം നല്‍കി. തുടര്‍ന്ന് സമ്മാനദാന ചടങ്ങ് നടന്നു. വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ജെറിന്‍ മാത്യു (കലാതിലകം), സെറാഫിന്‍ (കലാപ്രതിഭ) എന്നിവര്‍ക്ക് പ്രത്യേക ട്രോഫി നല്‍കി ആദരിച്ചു.

കണ്‍വീനര്‍ ബിനോയി കിഴക്കനടി ദൈവത്തിനും, ഫെസ്റ്റ് വിജയകരമായി നടത്താന്‍ സഹകരിച്ച ഏവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ചെയര്‍മാന്‍ റെവ. ഫാ. ജോ വര്ഗീസ് സമാപന പ്രാര്‍ത്ഥന നടത്തി. വൈകുന്നേരം നാലരയോടെ ഫെസ്റ്റ് ഭംഗിയായി സമാപിച്ചു.
ആത്മീയത, സൗഹൃദം, കലാപാരമ്പര്യം എന്നീ മൂല്യങ്ങള്‍ സമന്വയിപ്പിച്ച ഈ മഹോത്സവം, എല്ലാ ഇടവകകളുടെയും ഐക്യവും സ്‌നേഹബന്ധവും കൂടുതല്‍ ശക്തമാക്കിയ ഒരു മനോഹര ഓര്‍മ്മയായി നിലനിന്നു.
Chicago Ecumenical Sunday School Fest 2025: A vibrant festival filled with spirituality and artistic tradition












