തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാന്‍ എംപിമാര്‍ ഇടപെടല്‍ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വന്യജീവി സംരക്ഷണ നിയമം 1972 ലെ 11-ാം വകുപ്പില്‍ നിരവധി തടസ്സങ്ങളുണ്ട്. ഈ തടസ്സങ്ങള്‍ ലഘൂകരിക്കുന്ന നിയമഭേദഗതി 2025 ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്‍ നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വരുവാന്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ഇത് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭ്യമാക്കേണ്ടതുണ്ട്. വന്യജീവി ആക്രമണങ്ങള്‍ നേരിട്ടവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ കേന്ദ്രവിഹിതം അനുവദിച്ചു കിട്ടണം.
പ്രധാനമന്ത്രി ആവാസ് യോജന 2.0 പദ്ധതിയുടെ മാര്‍ഗ്ഗരേഖ ഖണ്ഡിക 8.1 പ്രകാരം യൂണിറ്റ് കോസ്റ്റ് 2.5 ലക്ഷമായി ഉയര്‍ത്തിയപ്പോഴും കേന്ദ്രവിഹിതം 1.5 ലക്ഷമായി തുടരുകയാണ്. ഇതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 50,000 ത്തില്‍ നിന്നും ഒരു ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ബാക്കി തുക നഗരസഭകളാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.
പദ്ധതിയുടെ മാര്‍ഗ്ഗരേഖ പ്രകാരം നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്ക് മുന്നില്‍ പി എം എ വൈ ലോഗോ വെക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അത് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബ്രാന്‍ഡിങ് നിബന്ധന ഒഴിവാക്കുന്ന വിഷയത്തില്‍ അനുകൂല തീരുമാനം ലഭിക്കുന്നതിന് ഇടപെടലല്‍ അനിവാര്യമാണ്.
മേപ്പാടി – ചൂരല്‍മല ദുരന്തബാധിത മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി 2,221.03 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസഹായമായി 260.56 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളൂ. അര്‍ഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലജീവന്‍ മിഷന്റെ രണ്ട് വര്‍ഷത്തെ സംസ്ഥാന വിഹിതത്തിനായി 17,500 കോടി രൂപ കടമെടുപ്പ് പരിധിക്ക് ഉപരിയായി അധിക കടം അനുവദിക്കണമെന്നു ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി എംപിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരും എംപിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
CM asks MPs to intervene with the Centre to get approval for Wildlife Protection Amendment Bill











