തദ്ദേശ തിരഞ്ഞെടുപ്പ്: ഡീപ് ഫേക്ക് വീഡിയോകൾക്കും ഓഡിയോകൾക്കും പൂർണ വിലക്ക്; AI പ്രചാരണത്തിന് കർശന നിരീക്ഷണം

തദ്ദേശ തിരഞ്ഞെടുപ്പ്: ഡീപ് ഫേക്ക് വീഡിയോകൾക്കും ഓഡിയോകൾക്കും പൂർണ വിലക്ക്; AI പ്രചാരണത്തിന് കർശന നിരീക്ഷണം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിരീക്ഷണം ഏർപ്പെടുത്തി. ഡീപ് ഫേക്ക് വീഡിയോകൾ, ഓഡിയോകൾ, വ്യാജ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്നതോ കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതോ ആയ ഉള്ളടക്കം, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂർണമായും വിലക്കിയിട്ടുണ്ട്.

വ്യാജ ചിത്രങ്ങൾ, ശബ്ദ സന്ദേശങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ നിർമിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

നിർദേശങ്ങൾ ഇങ്ങനെ:

  • വിവരം രേഖപ്പെടുത്തണം: എ.ഐ. നിർമിത കണ്ടൻ്റുകളാണെങ്കിൽ അത് വ്യക്തമായി രേഖപ്പെടുത്തണം.
    • വീഡിയോ: സ്ക്രീനിന് മുകളിൽ ലേബൽ വ്യക്തമായി ഉണ്ടാകണം.
    • ചിത്രങ്ങൾ: ഡിസ്‌പ്ലേയുടെ കുറഞ്ഞത് 10 ശതമാനം ഭാഗത്തെങ്കിലും ലേബൽ ഉണ്ടാകണം.
    • ഓഡിയോ: ആദ്യത്തെ 10 ശതമാനം സമയദൈർഘ്യത്തിൽ ലേബൽ വ്യക്തമാക്കണം.
  • സ്രഷ്ടാവിനെ വെളിപ്പെടുത്തണം: ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെയോ സ്ഥാപനത്തിൻ്റെയോ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും നിർബന്ധമായും വെളിപ്പെടുത്തിയിരിക്കണം.
  • ദുരുപയോഗം നിരോധിച്ചു: ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നത് പൂർണമായി നിരോധിച്ചു.
  • നീക്കം ചെയ്യണം: പാർട്ടികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ഉള്ളടക്കം ശ്രദ്ധയിൽപ്പെടുകയോ റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്താൽ മൂന്നു മണിക്കൂറിനകം അത് നീക്കം ചെയ്യണം. കൂടാതെ, ഇതിന് ഉത്തരവാദികളായവർക്ക് മുന്നറിയിപ്പ് നൽകണം.
  • രേഖകൾ സൂക്ഷിക്കണം: എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളുടെയും സൃഷ്ടിക്കപ്പെട്ട തീയതി, നിർമ്മാതാവിൻ്റെ വിവരങ്ങൾ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാർട്ടികൾ സൂക്ഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
Share Email
LATEST
More Articles
Top