ന്യൂയോർക്ക്: ചരിത്ര വിജയം നേടി ഒരു ദിവസത്തിന് ശേഷം, ബ്രൂക്ക്ലിനിലെ ഒരു ജൂത സ്കൂളിന് നേരെ നടന്ന ആക്രമണത്തെയും അവിടെ ചുവന്ന സ്വസ്തിക ചിഹ്നം വരച്ച നടപടിയെയും ന്യൂയോർക്കിൻ്റെ മേയർ-ഇലക്ടായ ഡെമോക്രാറ്റ് സൊഹ്റാൻ മംദാനി അപലപിച്ചു. ഐക്യത്തിൻ്റെ സന്ദേശം നൽകിക്കൊണ്ട്, ഈ നശീകരണ പ്രവർത്തിയെ അദ്ദേഹം അറപ്പുളവാക്കുന്നതും ഹൃദയഭേദകവുമാണ് എന്ന് വിശേഷിപ്പിക്കുകയും അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിൽ ജൂത വിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് പറയുകയും ചെയ്തു.
“ഇതൊരു അറപ്പുളവാക്കുന്നതും ഹൃദയഭേദകവുമായ ജൂതവിരുദ്ധ നടപടിയാണ്, നമ്മുടെ മനോഹരമായ നഗരത്തിൽ ഇതിന് സ്ഥാനമില്ല. മേയർ എന്ന നിലയിൽ, ഈ ജൂതവിരുദ്ധതയെ നമ്മുടെ നഗരത്തിൽ നിന്ന് വേരോടെ പിഴുതെറിയാൻ ഞാൻ എൻ്റെ ജൂത സഹോദരർക്കൊപ്പം എപ്പോഴും ഉറച്ചുനിൽക്കും,” ജൂത ഡേ സ്കൂളിലെ നശീകരണ പ്രവർത്തനത്തെക്കുറിച്ചുള്ള പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് മംദാനി സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.
ഇസ്രായേലിന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ജൂത സമൂഹമാണ് ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്നത്. ന്യൂയോർക്ക് പോലീസിൻ്റെ കണക്കനുസരിച്ച്, ബുധനാഴ്ച ഗ്രേവ്‌സെൻഡിലെ മക്ഡൊണാൾഡ് അവന്യൂവിന് സമീപമുള്ള മാഗൻ ഡേവിഡ് യെഷിവായിലെ തൂണുകളിലും ജനലുകളിലും ചുവന്ന നിറത്തിലുള്ള വിദ്വേഷപരമായ ‘സ്വസ്തിക’ ചിഹ്നം വരച്ചതായി സ്കൂൾ ജീവനക്കാർ കണ്ടതിനെത്തുടർന്നാണ് 911 കോൾ ലഭിച്ചത്.













