വാഷിംഗ്ടൺ: തൻ്റെ ഗേൾഫ്രണ്ടായ അലക്സിസ് വിൽക്കിൻസിൻ്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ സർക്കാർ ജെറ്റ് ഉപയോഗിച്ചെന്ന ആരോപണങ്ങൾ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ തള്ളി. വിൽക്കിൻസിനെതിരെയുള്ള ആക്രമണങ്ങൾ ഭീരുത്വം നിറഞ്ഞതും പൂർണ്ണമായ അപമാനം ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മുൻ എഫ്ബിഐ ഏജൻ്റും യാഥാസ്ഥിതിക കമൻ്റേറ്ററുമായ കൈൽ സെറാഫിൻ തൻ്റെ പോഡ്‌കാസ്റ്റിലൂടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഒക്ടോബർ 25-ന് നാഷ്‌വില്ലെയിൽ നടന്ന ഒരു ഗുസ്തി മത്സരത്തിനിടെ വിൽക്കിൻസ് അവതരിപ്പിച്ച സംഗീത പരിപാടി കാണാൻ പട്ടേൽ 60 മില്യൺ ഡോളർ വിലമതിക്കുന്ന എഫ്ബിഐ ജെറ്റ് ഉപയോഗിച്ചുവെന്നായിരുന്നു സെറാഫിൻ്റെ ആരോപണം. കൂടാതെ, വിൽക്കിൻസ് ഇസ്രായേലി ഇൻ്റലിജൻസിനുവേണ്ടി പ്രവർത്തിക്കുന്ന ഹണിപോട്ട് ചാരയാണെന്നും സെറാഫിൻ ആരോപിച്ചു, എന്നാൽ ഈ വാദം പട്ടേൽ ശക്തമായി നിഷേധിച്ചു.
അലക്സിസിനെതിരെയുള്ള അറപ്പുളവാക്കുന്നതും അടിസ്ഥാനരഹിതവുമായ ആക്രമണങ്ങളാണ് വരുന്നത്. ഒരു യഥാർത്ഥ രാജ്യസ്‌നേഹിയും തൻ്റെ ജീവിതപങ്കാളിയായി വിളിക്കാൻ അഭിമാനിക്കുന്ന സ്ത്രീയുമാണ് അവരെന്നും പട്ടേൽ എക്സിൽ കുറിച്ചു. “അവൾ പാറപോലെ ഉറച്ച ഒരു യാഥാസ്ഥിതികയും കൺട്രി മ്യൂസിക് താരവുമാണ്. മിക്കവരും പത്തു ജന്മംകൊണ്ട് ചെയ്യാത്തത്ര കാര്യങ്ങൾ അവൾ ഈ രാജ്യത്തിനുവേണ്ടി ചെയ്തിട്ടുണ്ട്. അവൾ എൻ്റെ ജീവിതത്തിൽ ഉള്ളതിൽ ഞാൻ അനുഗ്രഹീതനാണ്.”
“അവളെ ആക്രമിക്കുന്നത് തെറ്റു മാത്രമല്ല — അത് ഭീരുത്വമാണ്, കൂടാതെ അത് ഞങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്നു. കുടുംബത്തോടുള്ള എൻ്റെ സ്നേഹം എപ്പോഴും എൻ്റെ മൂലക്കല്ലായിരിക്കും, അത് തകർക്കാനോ എന്നെ അവരിൽനിന്ന് അകറ്റാനോ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.













