ഇസ്ലാമാബാദ് സ്ഫോടനം: ശ്രീലങ്കൻ താരങ്ങൾ പാക് പര്യടനം ഉപേക്ഷിക്കാനൊരുങ്ങുന്നു; പരമ്പര ബഹിഷ്കരിക്കാൻ നീക്കം

ഇസ്ലാമാബാദ് സ്ഫോടനം: ശ്രീലങ്കൻ താരങ്ങൾ പാക് പര്യടനം ഉപേക്ഷിക്കാനൊരുങ്ങുന്നു; പരമ്പര ബഹിഷ്കരിക്കാൻ നീക്കം

കറാച്ചി/ഇസ്ലാമാബാദ്: പാകിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര പാതിവഴിയിൽ ഉപേക്ഷിക്കാൻ ഒരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ഇസ്ലാമാബാദിൽ അടുത്തിടെയുണ്ടായ ചാവേർ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ ആശങ്കകൾ ശക്തമായതോടെയാണ് താരങ്ങൾ നാട്ടിലേക്ക് മടങ്ങാൻ തീരുമാനമെടുത്തത്. സുരക്ഷിതരല്ലെന്ന നിലപാടെടുത്ത ശ്രീലങ്കൻ താരങ്ങൾ, നാളെ റാവൽപിണ്ടിയിൽ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തിൽ കളിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

സുരക്ഷാ ഭീതിയിൽ ടീം

പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം നടന്ന റാവൽപിണ്ടിയിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ മാത്രം അകലെയാണ് ചാവേർ ആക്രമണം നടന്ന ഇസ്ലാമാബാദ്. സ്ഫോടനമുണ്ടായതിന് ശേഷവും ആദ്യ ഏകദിനം പൂർത്തിയാക്കിയെങ്കിലും, ടീമിന്റെ സുരക്ഷയെക്കുറിച്ച് ലങ്കൻ താരങ്ങൾക്കിടയിൽ കടുത്ത ആശങ്ക ഉയർന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായ താരങ്ങളാണ് പരമ്പര ബഹിഷ്കരിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്.

പാകിസ്ഥാന്റെ അനുനയ നീക്കം

പര്യടനം ഉപേക്ഷിക്കരുതെന്ന് അഭ്യർത്ഥിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സമീപിച്ചിട്ടുണ്ട്. പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്സിൻ നഖ്‌വി ശ്രീലങ്കൻ താരങ്ങളെ അനുനയിപ്പിക്കാൻ നേരിട്ടുള്ള ശ്രമങ്ങൾ ആരംഭിച്ചു. ടീമിന് എല്ലാത്തരത്തിലുമുള്ള സുരക്ഷയും ഉറപ്പാക്കാമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും ലങ്കൻ ടീം ഇതുവരെ വഴങ്ങിയിട്ടില്ലെന്നാണ് സൂചന.

പരമ്പര ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് നഖ്‌വി പാകിസ്ഥാനിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണറുമായും കൂടിക്കാഴ്ച നടത്തി.

Share Email
Top