ന്യൂയോർക്ക്: ഇന്ത്യൻ സുപ്രീം കോടതിയിലെ ഒരു കേസിൻ്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി നടത്തിയ പരാമർശങ്ങളിൽ ആശങ്കയറിയിച്ചുകൊണ്ട് ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ ഹിന്ദു പ്രവാസ സമൂഹം ഒത്തുചേർന്നു. ഡിജിറ്റൽ ബിൽബോർഡ് കാമ്പയിനും പൊതു റാലിയുമായിരുന്നു പ്രതിഷേധ പരിപാടികൾ. ‘സ്റ്റോപ്പ് ഹിന്ദു ജനോസൈഡ്’ എന്ന സംഘടനയാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.
നവംബർ 8-ന് ചീഫ് ജസ്റ്റിസ് ഗവായിക്ക് തുറന്ന കത്ത് എഴുതിയതായി സംഘടന അറിയിച്ചു. ഖജുരാഹോ ക്ഷേത്രത്തിലെ ഒരു ചരിത്രപരമായ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 16-ന് നടന്ന വാദത്തെയാണ് കത്തിൽ പരാമർശിക്കുന്നത്. ഈ ഹർജിയിൽ, ചീഫ് ജസ്റ്റിസ് ഹർജിക്കാരനോട് പ്രാർത്ഥനയിലൂടെ ദൈവിക ഇടപെടൽ തേടാൻ നിർദ്ദേശിച്ചിരുന്നു. ഈ പരാമർശം ഹിന്ദു വിശ്വാസങ്ങളെ തള്ളിക്കളയുന്നതായി ചിലർ വ്യാഖ്യാനിച്ചു.
“പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുക. നിങ്ങൾ ഭഗവാൻ വിഷ്ണുവിൻ്റെ കടുത്ത ഭക്തനാണെന്ന് പറയുന്നു. എങ്കിൽ പോയി പ്രാർത്ഥിക്കുക. ഇതൊരു പുരാവസ്തു കേന്ദ്രമാണ്, എ.എസ്.ഐ അനുമതി നൽകേണ്ടതുണ്ട് എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. നവംബർ 8-ന് ഡഫി സ്ക്വയറിൽ (ടൈംസ് സ്ക്വയർ) ആരംഭിച്ച ഈ പരിപാടി നവംബർ 12 വരെ തുടരുമെന്ന് റിപ്പോർട്ടുണ്ട്.












