വാഷിംഗ്ടണ്‍: ഓവൽ ഓഫീസിലെ ഒരു പ്രഖ്യാപനത്തിനിടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കണ്ണുകൾ അടയ്ക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജോലിയുടെ കാര്യത്തിൽ ട്രംപിൻ്റെ പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ എതിരാളികൾ ഈ വീഡിയോ ഏറ്റെടുത്തു. ഭാരം കുറയ്ക്കുന്ന മരുന്നുകളുടെ വില കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ജനപ്രിയ പ്രഖ്യാപനത്തിൽ വ്യാഴാഴ്ച റിസല്യൂട്ട് ഡെസ്‌കിന് പിന്നിൽ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം സംസാരിക്കുകയായിരുന്നു ട്രംപ്.
ചില നിമിഷങ്ങളിൽ ട്രംപിന്‍റെ കണ്ണുകൾ അടഞ്ഞതായും മറ്റു ചിലപ്പോൾ കണ്ണുകൾ തുറന്നു വെക്കാൻ പാടുപെടുന്നതായും ദൃശ്യങ്ങളിൽ കാണപ്പെട്ടു. അദ്ദേഹം ഇടയ്ക്കിടെ കണ്ണുകൾ തിരുമ്മുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഉടൻ തന്നെ കടുത്ത വിമർശനത്തിന് ഇടയാക്കി. പ്രസിഡൻ്റിൻ്റെ പ്രധാന എതിരാളികളിൽ ഒരാളായ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമിൻ്റെ പ്രസ് ഓഫീസ് ഈ പരിപാടിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും “DOZY DON IS BACK” (മയക്കത്തിലായ ഡോൺ തിരിച്ചെത്തി) എന്ന് എഴുതുകയും ചെയ്തു.
പ്രസിഡൻ്റ് ഉറങ്ങുകയായിരുന്നില്ല; വാസ്തവത്തിൽ, അദ്ദേഹം പ്രസംഗത്തിലുടനീളം സംസാരിക്കുകയും പ്രഖ്യാപനത്തിനിടെ മാധ്യമപ്രവർത്തകരുടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തുവെന്ന് വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്സ്. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളുള്ള അമേരിക്കക്കാരെ സഹായിക്കുന്ന രണ്ട് മരുന്നുകളുടെ വിലയിൽ ചരിത്രപരമായ കുറവ് വരുത്തുന്ന പ്രഖ്യാപനമാണിത്. പ്രസിഡൻ്റ് ട്രംപിൻ്റെ ഈ പ്രഖ്യാപനം കാര്യമായ പണവും എണ്ണമറ്റ അമേരിക്കൻ ജീവനുകളും രക്ഷിക്കും, എന്നിട്ടും പരാജയപ്പെടുന്ന, ലിബറൽ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നതിന് പകരം അനാവശ്യ കഥകൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













