സിഡ്‌നി ആസ്ഥാനമായുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഏഷ്യ പവർ ഇൻഡക്‌സ് 2025-ൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ഇതാദ്യമായാണ് ഇന്ത്യ ഏഷ്യയിലെ ഒരു ‘പ്രധാന ശക്തി’ (Major Power) എന്ന പദവിയിലേക്ക് ഉയരുന്നത്. സാമ്പത്തിക, സൈനിക ശേഷിയിലെ മുന്നേറ്റമാണ് ഇന്ത്യയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. 100-ൽ 40 പോയിന്റ് നേടിയാണ് ഇന്ത്യ ജപ്പാന് മുന്നിൽ മൂന്നാം സ്ഥാനമുറപ്പിച്ചത്. സൂചികയിൽ യു.എസ്. (80.5), ചൈന (73.7) എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഈ രണ്ട് രാജ്യങ്ങളെയും ‘സൂപ്പർ പവറുകൾ’ (Super Powers) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ സൈനിക ശേഷിയിലും സാമ്പത്തിക വളർച്ചയിലുമുണ്ടായ നേട്ടമാണ് പുതിയ റാങ്കിംഗിന് പിന്നിലെ പ്രധാന കാരണം. ശക്തമായ സാമ്പത്തിക വളർച്ച തുടരുന്നതിനൊപ്പം, സൈനിക ശേഷിയിലെ വിദഗ്ധരുടെ വിലയിരുത്തലുകൾ മെച്ചപ്പെട്ടതും ഇന്ത്യയ്ക്ക് ഗുണകരമായി. ആഭ്യന്തര നിക്ഷേപം ആകർഷിക്കുന്ന കാര്യത്തിൽ അമേരിക്കയ്ക്ക് പിന്നിൽ ഇന്ത്യ ചൈനയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമാണ്. ആഗോള വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഇന്ത്യ ഒരു മികച്ച നിക്ഷേപ കേന്ദ്രമായി മാറുന്നതിൻ്റെ സൂചനയാണിത്.
എങ്കിലും, തങ്ങളുടെ വിഭവങ്ങളുടെ സാധ്യതകളെ പൂർണ്ണമായി ഉപയോഗിച്ച് പ്രാദേശിക സ്വാധീനമാക്കി മാറ്റുന്നതിൽ ഇന്ത്യ ഇപ്പോഴും പിന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ സൈനിക ശേഷിയും സാമ്പത്തിക ശക്തിയും വർധിച്ചുവരുമ്പോഴും, പ്രതിരോധ പങ്കാളിത്ത ശൃംഖലകളും (Defence Networks) പ്രാദേശിക വ്യാപാര ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിൽ രാജ്യം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഏഷ്യയിലെ ശക്തി സന്തുലനത്തെ സ്വാധീനിക്കാൻ ആവശ്യമായ സാമ്പത്തിക, സൈനിക ശേഷി ഇന്ത്യ ഉറപ്പിച്ചതായും ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് വിലയിരുത്തുന്നു.













