ന്യൂഡല്‍ഹി: ഇന്ത്യയുമായി ഉടന്‍ തന്നെ വ്യാപാരക്കരാര്‍ ഉണ്ടാവുമെന്നും ഉയര്‍ന്ന താരിഫ് പിന്‍വലിക്കുമെന്നും കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനു പിന്നാലെ ഇന്ത്യയുടെ ഭാഗത്തു നിന്നും സമാനമായ പ്രതികരണം വന്നു. ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയലാണ് ഇന്ത്യ- അമേരിക്ക വ്യാപാരകരാര്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നുവെന്നു വ്യക്തമാക്കിയത്. ന്യൂഡല്‍ഹിയില്‍ നടന്ന സംസ്ഥാന വ്യവസായമന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ ആഗ്രഹം ഒരു നല്ല വ്യാപാരക്കരാറാണ്. അമേരിക്കയുമായി ഇന്ത്യ ന്യായവും നീതിയുക്തവുമായ ഒരു വ്യാപാരകരാറിലെത്താനാണ് ശ്രമിക്കുന്നത്. അത്തരത്തിലൊരു കരാറായാല്‍ അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. നവംബറില്‍ ഇന്ത്യ-അമേരിക്ക വ്യാപാരകരാറാവുമെന്നു ഗോയല്‍ മുമ്പ് പറഞ്ഞിരുന്നു.
അമേരിക്കയുമായി വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയായതായി ഉയര്‍ന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കി. ഏറ്റവും സമഗ്രവും മികച്ചതുമായ കരാറിനാണ് ശ്രമിച്ചതെന്നും ഏറെ ജാഗ്രതയോടെയാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കരാര്‍ ഒപ്പുവെയ്ക്കുന്നത് സംബന്ധിച്ച് സമയപരിധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും, അന്തിമ ചര്‍ച്ചകള്‍ക്കായി ന്യൂസിലന്‍ഡ് വ്യവസായ മന്ത്രി ടോഡ് മക്ലേ വെള്ളിയാഴ്ച ഇന്ത്യയില്‍ എത്തുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കമ്മീഷണര്‍ മാരോസ് സെഫ്‌കോവിച്ച് ഡിസംബര്‍ പകുതിയോടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വ്യാപാര ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ശ്രമം തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
India follows Trump, says two countries are close to trade deal












