വാഷിംഗ്ടൺ ഡി.സി.: മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥിക്ക് യു.എസിലെ ടെക്സാസിൽ 97 മാസത്തെ (എട്ട് വർഷത്തിലധികം) തടവുശിക്ഷ. മണി ലോണ്ടറിംഗ് ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ധ്രുവ് രാജേഷ്ഭായ് മങ്കൂക്കിയ (21) എന്ന വിദ്യാർത്ഥിയാണ് ശിക്ഷിക്കപ്പെട്ടത്. മങ്കൂക്കിയയും ഇയാളുടെ കൂട്ടാളികളും ചേർന്ന് മുതിർന്ന പൗരന്മാരെ ഫോണിൽ വിളിക്കുകയും തങ്ങൾ സർക്കാർ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും.
അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാനോ സാമ്പത്തിക നഷ്ടം ഒഴിവാക്കാനോ പണമായോ സ്വർണ്ണമായോ നിക്ഷേപം നടത്തണമെന്ന് ഇരകളെ കബളിപ്പിക്കും.
ഇരകളുടെ വീട്ടിൽ നിന്നോ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെ പാർക്കിംഗ് ഏരിയയിൽ നിന്നോ കൊറിയർ വഴിയാണ് പണം കൈപ്പറ്റിയിരുന്നത്.
തട്ടിപ്പുകൾക്കായി വ്യാജ തിരിച്ചറിയൽ രേഖകൾ അച്ചടിക്കാൻ ഉപയോഗിച്ച പ്രിൻ്ററും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിരുന്നു.
പണമിടപാട് ഗൂഢാലോചന കുറ്റം സമ്മതിച്ച മങ്കൂക്കിയ 2,515,780 ഡോളർ (ഏകദേശം $2.5 മില്യൺ) നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. ഈ കേസിൽ മങ്കൂക്കിയയുടെ കൂട്ടാളിയായ കിഷൻ രാജേഷ്കുമാർ പട്ടേലിന് നേരത്തെ 63 മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന തുകയുടെ 2% തനിക്കാണ് ലഭിച്ചിരുന്നതെന്നും മങ്കൂക്കിയ സമ്മതിച്ചു.












