വാഷിംഗ്ടൺ: യുഎസിൽ ഇന്ത്യൻ വംശജരായ സൊഹ്റാൻ മംദാനി, ഗസാല ഫിർദൗസ് ഹാഷ്മി ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ, വിജയികളെ, പ്രത്യേകിച്ച് മുസ്ലീം അംഗങ്ങളെ ലക്ഷ്യമിട്ടുള്ള പരാമർശങ്ങളുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അനുയായി ലോറ ലൂമർ. ഇവരെ ജിഹാദിസ്റ്റുകൾ എന്ന് ലേബൽ ചെയ്ത അതിതീവ്ര വലതുപക്ഷ പ്രവർത്തക, ഈ വിജയം അമേരിക്കയുടെ ഇസ്ലാമിക കൈവശപ്പെടുത്തലാണ് എന്നും ഇത് ഭാവിയിലെ ഒന്നാം നമ്പർ രാഷ്ട്രീയ പ്രശ്‌നമായിരിക്കുമെന്നും ആരോപിച്ചു.
അധികാരം നേടുന്നതിനും വിമർശകരെ നിശ്ശബ്ദരാക്കുന്നതിനും വേണ്ടി മുസ്ലീങ്ങളെ രാഷ്ട്രീയ അക്രമങ്ങൾക്ക് പ്രേരിപ്പിക്കാൻ മംദാനി ശ്രമിക്കുമെന്നും ഈ മാഗ നേതാവ് ആരോപിച്ചു. കഴിഞ്ഞ നവംബറിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം ഡോണൾഡ് ട്രംപിന് ആദ്യത്തെ തിരഞ്ഞെടുപ്പ് തോൽവി സമ്മാനിക്കുന്നതിൽ ഇന്ത്യൻ മുസ്ലീം പാരമ്പര്യമുള്ള മൂന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ പ്രധാന പങ്ക് വഹിച്ചു.
ഇന്ത്യയിൽ ജനിച്ച ഗസാല ഹാഷ്മിയെ പരാജയപ്പെടുത്താൻ റിപ്പബ്ലിക്കൻ പാർട്ടി വേണ്ടത്ര ശ്രമിച്ചില്ല എന്ന് ട ലൂമർ വിമർശിച്ചു. മുസ്ലീം ഡെമോക്രാറ്റായ ഗസാല ഹാഷ്മി വിർജീനിയ ലെഫ്റ്റനൻ്റ് ഗവർണർ തിരഞ്ഞെടുപ്പിൽ വിജയിച്ചു. വിർജീനിയയിൽ സംസ്ഥാനതലത്തിലുള്ള പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം വനിതയാണ് അവർ. നമ്മുടെ രാജ്യത്തുടനീളം ജിഹാദിസ്റ്റ് സ്ഥാനാർത്ഥികളുടെ ഉയർച്ച തടയാൻ റിപ്പബ്ലിക്കൻമാർ ഇന്ന് രാത്രി ഒന്നും ചെയ്തില്ലെന്നും ലൂമർ എക്‌സിൽ കുറിച്ചു.
ലൂമർ അൺലീഷ്ഡ് എന്ന തൻ്റെ പോഡ്‌കാസ്റ്റിൻ്റെ എക്‌സ് ഹാൻഡിലിലെ മറ്റൊരു പോസ്റ്റിൽ, ഹൈദരാബാദ് സ്വദേശിയായ ഹാഷ്മി ശിരോവസ്ത്രം ധരിക്കുന്നതിനെയും “അറബി സംസാരിക്കുന്നതിനെയും” അവർ ചോദ്യം ചെയ്തു.










