എ സി ജോർജ്
ഹ്യൂസ്റ്റൺ
അമേരിക്കയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും നിലവിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലെ സംഭവവികാസങ്ങൾ കേന്ദ്രീകരിച്ച് കേരള ഡിബേറ്റ് ഫോറം യുഎസ്എ സംഘടിപ്പിച്ച ചർച്ചാസമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടു. യോജിപ്പുകളും വിയോജിപ്പുകളും ഉത്കണ്ഠകളും മാറിമാറി പ്രകടമായ ഈ സംവാദത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ നയങ്ങളും പരിഷ്കാരങ്ങളും ലോകജനതയെയും അമേരിക്കൻ പൗരന്മാരെയും എങ്ങനെ ബാധിക്കുന്നു എന്നത് ഉൾപ്പെടെ വിശദമായി ചർച്ച ചെയ്തു.
നിലയ്ക്കാത്ത യുദ്ധങ്ങളും യുദ്ധഭീഷണികളും, ന്യൂയോർക്ക് സിറ്റിയിൽ ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് മംദാനി മേയറായി അധികാരമേൽക്കുന്നതിന്റെ സാധ്യതകളും പ്രത്യാഘാതങ്ങളും, ഇരു രാജ്യങ്ങളിലെയും ജനാധിപത്യം, ബഹുസ്വരത, മനുഷ്യാവകാശ ലംഘനങ്ങൾ, വർഗീയത, മതേതരത്വം, മാധ്യമ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പിലെ അട്ടിമറി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങൾ സജീവ ചർച്ചയായി.

ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതിഗതികൾ വിശകലനം ചെയ്യുമ്പോൾ പൊതുജനങ്ങളെ വെറും വോട്ടബാങ്കായി കാണുന്ന രാഷ്ട്രീയ ഒത്തുകളികൾ, തത്വരാഹിത്യം, അഴിമതി, ധൂർത്ത്, ബന്ധുനിയമനങ്ങൾ, സ്വർണക്കടത്ത്, ലഹരിമരുന്ന് വ്യാപനം, കള്ളപ്പണം വെളുപ്പിക്കൽ, വികസന മുരടിപ്പ്, അമിത കടമെടുപ്പ്, പ്രവാസികളെ പിഴിയുന്ന നികുതിനയങ്ങൾ, ഭരണ-പ്രതിപക്ഷ ഒത്തുചേരലുകൾ തുടങ്ങിയവ കടുത്ത വിമർശനത്തിന് വിധേയമായി.
“ഇന്ത്യയിൽ ഭരണകക്ഷിയെ വിമർശിച്ചാൽ നാടുകടത്തലും ജയിൽശിക്ഷയും, അമേരിക്കയിൽ പ്രസിഡന്റിനെ വിമർശിച്ചാൽ തൊഴിൽ-വിസാ പ്രശ്നങ്ങളും” എന്ന് ഒരു പങ്കാളി ശക്തമായി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വർഗീയത ആളിക്കത്തിച്ച് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന ആക്ഷേപവും ഉയർന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം ദേശവിരുദ്ധമായി മുദ്രകുത്തുന്ന പ്രവണതയും മാധ്യമങ്ങളുടെ ഭൂരിഭാഗവും ഭരണപക്ഷ ചൊൽപ്പടിയിലാകുന്ന സ്ഥിതിയും ചർച്ചയിൽ വിമർശിക്കപ്പെട്ടു.
അതേസമയം, അമേരിക്കയിലെ ഫെഡറൽ-സംസ്ഥാന വ്യവസ്ഥകൾ ശക്തമായി നിലനിൽക്കുന്നു എന്ന അഭിപ്രായവും ഉയർന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളും ഏകപക്ഷീയ തീരുമാനങ്ങളും വിമർശിക്കപ്പെട്ടെങ്കിലും, ഇവിടത്തെ നീതിന്യായ വ്യവസ്ഥയും മാധ്യമ സ്വാതന്ത്ര്യവും താരതമ്യേന സുരക്ഷിതമാണെന്ന് പലരും അടിവരയിട്ടു പറഞ്ഞു. ഇന്ത്യയിൽ മതനിരപേക്ഷതയെ എതിർക്കുന്ന ചിലർ അമേരിക്കയിലെത്തിയാൽ മതസ്വാതന്ത്ര്യവും ബഹുസ്വരതയും ആവശ്യപ്പെടുന്ന ഇരട്ടത്താപ്പും ചർച്ചയിൽ ചൂണ്ടിക്കാട്ടപ്പെട്ടു.
ലോകത്തെവിടെയും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും അത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ യുഎൻ പോലുള്ള സംഘടനകൾ കർശനമായി ഇടപെടണമെന്നും ആവശ്യമുയർന്നു.
ഏകദേശം നാല് മണിക്കൂർ നീണ്ടുനിന്ന ഈ ഓപ്പൺ ഫോറം-സംവാദത്തിൽ വിവിധ രാഷ്ട്രീയ അനുഭാവികളും സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും സജീവമായി പങ്കെടുത്തു.
തോമസ് കോവല്ലൂർ, ജോർജ് എബ്രഹാം, തോമസ് ഓലിയാൻകുന്നേൽ, സജി കരിമ്പന്നൂർ, ജോർജ് നെടുവേലി, എബ്രഹാം ഡെൻവർ, ബ്ലസൻ ഹ്യൂസ്റ്റൺ, ജോൺ കുന്തറ, ജോർജ് പുത്തൻകുരിശ്, ഫിലിപ്പ് കല്ലട, പി ബി പീതാംബരൻ, കുഞ്ഞമ്മ മാത്യു, ജോസഫ് അച്ചാറ, അബ്ദുൾ നസീർ, മാത്യു വട്ടപ്പള്ളി, കെ ടി ജോസഫ്, എ സി ജോർജ് തുടങ്ങിയവർ ചോദ്യങ്ങൾ ഉന്നയിക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.













