ഫ്‌ളോറിഡ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) മണ്ഡല കാലത്ത് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്തര്‍ക്കായി സൗജന്യ ബസ് സര്‍വീസ് ഒരുക്കുന്നു. അമേരിക്കന്‍ മലയാളി ഹിന്ദുക്കളുടെ വിശ്വാസവും ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ ”ശബരീ യാത്ര”, ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും പ്രതീകമായി മാറുകയാണ്.
ഉദാരമനസ്‌കരായ സ്പോണ്‍സര്‍മാരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന ‘ശബരീ യാത്ര ‘ നവംബര്‍ 17 മുതല്‍ ജനുവരി 13 വരെയുള്ള കാലയളവില്‍ ലഭ്യമാകും. ഈ പദ്ധതിയുടെ സൗജന്യ സേവനം കെ.എച്ച്.എന്‍.എ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, അറുപതു വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഭക്തര്‍ക്കും വേണ്ടിയാണു ഒരുക്കിയിട്ടുള്ളത്.
ബസ്സുകള്‍ പുറപ്പെടുന്ന സ്ഥലങ്ങളും സമയക്രമവും ഷെഡ്യൂള്‍ ചെയ്യുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും.കെ.എച്ച്.എന്‍.എ ട്രഷറര്‍ അശോക് മേനോന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ബസ്, നവംബര്‍ 20-ന് രാവിലെ എട്ടിന് ചോറ്റാനിക്കര ക്ഷേത്രപരിസരത്തുനിന്ന് പുറപ്പെടും.ഇരുമുടി കെട്ടു നിറച്ചു , ശബരിമലയുടെ. എല്ലാ ആചാരക്രമങ്ങളും പാലിച്ചു മാത്രമാകും ഈ പദ്ധതിയുടെ ഭാഗമാകാന്‍ ഭക്തര്‍ക്ക് സാധ്യമാകുക എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ശബരീ യാത്ര കെ.എച്ച്.എന്‍.എയുടെ ആത്മീയ മൂല്യങ്ങള്‍ക്ക് ആക്കം കൂടുന്നൊരു പദ്ധതിയാണെന്നും, ഇത് വഴി കൂടുതല്‍ ആളുകളിലേക്ക് ഈ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും, മൂല്യവും എത്തിക്കാന്‍ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഭക്തര്‍ പങ്കാളികള്‍ ആവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ബസ് സ്‌പോണ്‍സര്‍ ചെയ്തു കൊണ്ട് നിങ്ങള്‍ക്കും ഈ പുണ്യയാത്രയുടെ ഭാഗമാവാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അശോക് മേനോന്‍ (407 446 6408 ), മധു ചെറിയേടത് ( 848 202 0101 ), പ്രദീപ് നായര്‍ ( 203 260 1356 ) എന്നിവരുമായി ബന്ധപെടുക.
ഭക്തനും ദൈവവും ഒന്നാവുന്ന, സമഭാവനയുടെ പുണ്യമാണ് ശബരിമല. അവിടെ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന മനസ്സുകള്‍ക്ക്, ഒരു കൈത്താങ്ങാവുകയാണ് എന്നും ഹൈന്ദവ വിശ്വാസങ്ങളും മൂല്യങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ, കെ.എച്ച്.എന്‍.എ എന്ന അമേരിക്കന്‍ ഹിന്ദു മലയാളികളുടെ കൂട്ടായ്മ.
വാര്‍ത്ത: അനഘ വാര്യര്‍
KHNA ‘Sabari Yatra’: American Malayalam Hindus’ dedication to the holy journey of Mandala Vratham













