ഹൈദരാബാദ്: അമേരിക്കൻ വിസ നിരസിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ കടുത്ത വിഷാദത്തിൽ ഹൈദരാബാദിൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള ഡോക്ടർ രോഹിണി (38) ആണ് ഹൈദരാബാദിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
നഗരത്തിലെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന കുടുംബാംഗങ്ങൾ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ശനിയാഴ്ച സംഭവം പുറത്തറിയുന്നത്. ഡോക്ടർ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുവേലക്കാരി വിവരമറിയിച്ചതിനെ തുടർന്നാണ് കുടുംബം എത്തിയത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഡോക്ടർ വെള്ളിയാഴ്ച രാത്രി അമിതമായി ഉറക്കഗുളികകൾ കഴിക്കുകയോ സ്വയം കുത്തിവെക്കുകയോ ചെയ്തെന്നാണ് സംശയം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്ന് താൻ കടുത്ത വിഷാദത്തിലാണെന്ന് രോഹിണി സൂചിപ്പിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.













