ജീമോൻ റാന്നി
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റന്റെ (മാഗ്) ഡിസംബർ പതിമൂന്നാം തീയതി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്, ഹൂസ്റ്റൺ മലയാളി കമ്മ്യൂണിറ്റിയിൽ ആവേശത്തിരയിളക്കത്തിന് തുടക്കമിട്ടിരിക്കുന്നു. രണ്ട് ശക്തമായ പാനലുകൾ തമ്മിലുള്ള വാശിയേറിയ മത്സരം സംഘടനയിൽ പുതിയ ഉണർവ് നൽകുകയും, ചരിത്രപരമായ അംഗത്വ വർദ്ധനവിനും ഗണ്യമായ സാമ്പത്തിക നേട്ടത്തിനും വഴിയൊരുക്കുകയും ചെയ്തു.
ഒക്ടോബർ 11 നു ന്യൂജേർസിയിൽ വച്ച് നടന്ന അന്താരാഷ്ട്ര മീഡിയ കോൺഫറൻസിനോട് അനുബന്ധിച്ച് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) അമേരിക്കയിലെ ഏറ്റവും മികച്ച സംഘടനക്കുള്ള അവാർഡ് ഏറ്റുവാങ്ങി അഭിമാനത്തോടെ നിൽക്കുമ്പോഴാണ് ഒരു തിരഞ്ഞെടുപ്പ് സമാഗതമാകുന്നത്.
റോയി മാത്യുവിൻ്റെയും (ടീം യുണൈറ്റഡ്) ചാക്കോ തോമസിന്റെയും (ടീം ഹാർമണി) നേതൃത്വത്തിലുള്ള പാനലുകൾ തമ്മിലുള്ള തീവ്രമായ മത്സരം, ഈ സമയത്ത് സംഘടനാ ശാക്തീകരണത്തിനുള്ള ശക്തമായ ഉത്തേജകമാക്കി മാറ്റിയിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുമായും നേരിട്ട് സംവദിക്കാൻ ഇരു പാനലുകളെയും പ്രേരിപ്പിച്ചതിലൂടെ, മാഗിന്റെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താൻ ഈ മത്സരത്തിന് സാധിച്ചു കൊണ്ടിരിക്കുന്നു. ഹൂസ്റ്റണിലെ മലയാളി കൂട്ടായ്മകളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തിക്കൊണ്ടുള്ള ഊർജ്ജിതമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് വലിയ മുതൽക്കൂട്ടായി
കേരളത്തിലെ തിരഞ്ഞെടുപ്പുകളെ കവച്ചു വയ്ക്കുന്ന പ്രചാരണപരിപാടികൾ നടന്നു കൊണ്ടിരിക്കുന്നു. രണ്ടു പാനലിനുമുള്ള നൂറു കണക്കിന് അംഗങ്ങൾ ഉള്ള വാട്സാപ്പു ഗ്രൂപ്പുകൾ 24 മണിക്കൂറും സജീവമാണ്. ഈ പ്രവർത്തനങ്ങളുടെ ഫലമായി 300 ൽ പരം പുതിയ ആയുഷ്കാല അംഗത്വങ്ങൾ സംഘടനയ്ക്ക് ലഭിച്ചു.ഒക്ടോബര് 31 നു മെമ്പർഷിപ് ക്ലോസ് ചെയ്യുമ്പോൾ നല്ലൊരു തുക സംഘടനയ്ക്ക് വരുമാനം നേടാനായി എന്ന് മാഗ് പ്രസിഡണ്ട് ജോസ്.കെ.ജോൺ, സെക്രട്ടറി രാജേഷ് വര്ഗീസ്, ട്രഷറർ സുജിത് ചാക്കോ എന്നിവർ പറഞ്ഞു. മാഗിന്റെ പുതിയ ബിൽഡിംഗ് പ്രോജെക്ടിലേക്ക് ഒരു വലിയ സഹായമായി ഇത് മാറിയെന്നും ഭാരവാഹികൾ പറഞ്ഞു.ഈ തീവ്രമായ മത്സരം സംഘടനയ്ക്ക് ഒരു “അനുഗ്രഹമായി” മാറിയെന്നും, ഈ സംഖ്യാപരമായ വളർച്ച ആരോഗ്യകരമായ മത്സരത്തിന്റെ ഗുണപരമായ ഫലമാണെന്നും വിലയിരുത്തപ്പെടുന്നു. ഈ അംഗത്വ വർദ്ധനവും സാമ്പത്തിക മുന്നേറ്റവും ഒരു ചരിത്രനേട്ടമാണെന്ന് അവർ അറിയിച്ചു. സമവായത്തിന്റെ സാധ്യതകൾ അസ്തമിച്ചുവെന്നും രണ്ടു പാനലായി തന്നെ മത്സരരംഗത്തു സജീവമായി ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥികൾ അറിയിച്ചു.
ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രകിയയിൽ ഹൂസ്റ്റണിലെ മലയാളികൾക്കും പങ്കെടുക്കുവാൻ കിട്ടുന്ന ഒരു അവസരമായി ഈ തിരഞ്ഞെടുപ്പിനെ വളരെ പോസിറ്റീവായി വീക്ഷിക്കുന്നു. മത്സരിക്കുന്നവർ എല്ലാവരും തന്നെ ഉറ്റ സൃഹുത്തുക്കൾ ! തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ അവരുടെ ഉറ്റ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. വിജയ പരാജയങ്ങൾ നോക്കാതെ ഒറ്റക്കെട്ടായി മാഗിനൻറെ നന്മക്കായി പ്രവർത്ഥിക്കുന്നു ! അതാണ് മാഗ് !! പല സംഘടനകൾക്കും മാതൃകയാക്കാവുന്ന ഹൂസ്റ്റണിലെ സംഘടനകളുടെ സംഘടന!!തിരഞ്ഞെടുപ്പ് പ്രക്രിയ സംഘടനയുടെ ആരോഗ്യത്തിലും ഭാവിയിലും ചെലുത്തുന്ന ഗുണപരമായ സ്വാധീനം ചെലുത്തുന്നു. “രണ്ട് പാനലുകളുടെയും സജീവമായ പങ്കാളിത്തം മാഗിനെ കൂടുതൽ ശക്തിപ്പെടുത്തുകയും അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന എന്ന പദവി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകർ കാണിക്കുന്ന ഈ ആവേശം, സംഘടനയുടെ ബിൽഡിംഗ് ഫണ്ട് പൂർത്തീകരണം പോലുള്ള സുപ്രധാന പദ്ധതികൾക്ക് വലിയ ഊർജ്ജം പകരുന്നുണ്ട്.” ഈ ഗുണപരമായ മുന്നേറ്റം ഡിസംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് സംഘടനയെ നയിക്കുമെന്ന് നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ മാഗ് അംഗങ്ങളും തിരഞ്ഞെടുപ്പ് ദിവസം കടന്നു വന്നു വോട്ടവകാശം ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഉത്സവമാക്കി മാറ്റാം .










