അബ്ദുള്‍ പുന്നയൂര്‍ക്കുളീ
മിലന്‍ പ്രസിഡന്റ് ആന്റണി മണലേലിന്റെ വസതിയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ മിലന്റെ ഭാരവാഹികള്‍ മിലന്‍ സ്ഥാപക പ്രസിഡന്റ് ഡോ. സുരേന്ദ്രന്‍ നായരുടെ ദേഹവിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മിലന്‍ സ്ഥാപകരില്‍ പ്രമുഖനായ തോമസ് കര്‍ത്തനാള്‍, മിലന്‍ വളര്‍ത്തി കൊണ്ടുവരുന്നതില്‍ ഡോ. സുരേന്ദ്രന്‍ നായര്‍ വഹിച്ച പങ്കും അര്‍പ്പണ മനോഭാവവും അദ്ദേഹത്തിന്റെ സാഹിത്യസംഭവനകളും സംക്ഷിപ്തമായി വിവരിച്ചു. കര്‍ത്തനാള്‍, സുരേന്ദ്രന്‍ നായര്‍ക്കുവേണ്ടി ‘ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ’ എന്ന പ്രൊ. മധുസൂദനന്‍ നായരുടെ കവിത ചൊല്ലി.
മിലന്‍ സ്ഥാപകരില്‍ പ്രധാനിയായ അബ്ദുള്‍ പുന്നയൂര്‍ക്കുളീ, സുരേന്ദ്രന്‍ നായര്‍ പ്രമുഖ സാഹിത്യപ്രതിഭകളെ പങ്കെടുപ്പിച്ചു വാര്‍ഷികാഘോഷങ്ങളും ശില്പശാലകളും ദ്വൈമാസ കാവ്യസന്ധ്യകളും നടത്തിയെന്നതിലുപരി, ജാതി-മത ഭേദമന്യ ഡിട്രോയിറ്റിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഭാഷാസ്‌നേഹികളെ സാഹിത്യമെന്ന കുടക്കീഴില്‍ ഒന്നിപ്പിക്കാന്‍ ശ്രമിച്ചു എന്നത് പ്രശംസനീയമാണ്. അബ്ദുള്‍, ഡോക്ടരുടെ ബഹുമാനാര്‍ത്ഥം ഭാവിയില്‍ മിലന്റെ ലിറ്റററി സമ്മേളനങ്ങളില്‍ ‘ ഡോ. സുരേന്ദ്രന്‍ നായര്‍ നഗര്‍’ എന്ന് പേരിടാന്‍ നിര്‍ദ്ദേശിച്ചു.
മിലന്റെ ദീര്‍ഘകാലപ്രവര്‍ത്തകനും പ്രസിഡന്റുമായിരുന്ന രാജീവന്‍ കാട്ടില്‍, സജീവപ്രവര്‍ത്തകനായ മോഹന്‍ പനങ്കാവില്‍, പ്രശസ്ത കഥാകൃത്തായ സാമുവേല്‍ ഗീവര്‍ഗീസ്, ട്രഷറര്‍ മനോജ് കൃഷ്ണന്‍, പ്രസിഡണ്ട് ആന്റണി മണലേല്‍, വൈസ് പ്രസിഡണ്ട് സതീഷ് മാടമ്പത്ത്, സെക്രട്ടറി ജയിന്‍ മാത്യൂസ്, മിഷിഗണിലെ പ്രശസ്ത RE/MAX Classic Realtor കോശി ജോര്‍ജ് എന്നിവര്‍ സുരേന്ദ്രന്‍ നായരുമായി തങ്ങള്‍ക്കുണ്ടായ ഹൃദ്യമായ വ്യക്തിബന്ധങ്ങളും ഊഷ്മളമായ ഓര്‍മ്മകളും പങ്കുവെച്ചു.
സതീഷ് മാടമ്പത്ത് ഡോക്റ്റരുടെ ബഹുമാനാര്‍ത്ഥം ‘അവര്‍ ദൈവതുല്യര്‍’ എന്ന സ്വന്തം കഥ അവതരിപ്പിച്ചു. ജയിന്‍ മാത്യൂസ് സ്ഥാപക പ്രസിഡണ്ടിന്റെ സ്മരണാര്‍ത്ഥം മിലന്‍ നൂതന സാഹിത്യസംരംഭങ്ങള്‍ തുടങ്ങണമെന്ന് അഭിപ്രായപ്പെട്ടു. ആന്റണി, ഡോ. നായര്‍ ലാനയുടെ മേഖലാ സമ്മേളനം ഡിട്രോയിറ്റില്‍ വച്ച് നടത്തിയത് സ്മരിച്ചു. ആന്റണി ഡോക്റ്റര്‍ക്ക് സ്‌നേഹസൂചകമായി ‘യാതമൊഴി’ എന്ന കവിത ആലപിച്ചു. അനുശോചനത്തില്‍ പങ്കെടുത്തവര്‍ക്ക് മനോജ് നന്ദി പറഞ്ഞു.
Milan mourns the passing of its founding president, Dr. Surendran Nair












