ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ 22 ലക്ഷത്തോളമാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയില്‍ പേരു ചേർത്തത് 2,844 പേർ മാത്രം. നാട്ടിലെത്തി വോട്ടു ചെയ്യാനുള്ള പ്രയാസങ്ങളും യാത്രാ ചെലവുമാണ് പ്രവാസികളെ പിന്തിരിപ്പിക്കുന്നത്. പകരം പ്രോക്സി വോട്ടോ, ഇ-തപാല്‍ വോട്ടോ നടപ്പാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. പ്രവാസികള്‍ ചുമതലപ്പെടുത്തുന്നവർക്ക് വോട്ടവകാശം നല്‍കുന്ന പ്രോക്സി വോട്ട് ബില്ല് 2018ല്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നില്ല. പ്രോക്സി വോട്ടവകാശം ഉറപ്പാക്കുമെന്ന് മൂന്നുവർഷം മുമ്പ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിദേശ എംബസികളിലെ ജീവനക്കാർക്ക് വോട്ടിന് അവസരമൊരുക്കുന്ന ഇ-തപാല്‍ വോട്ടിംഗില്‍ പ്രവാസികളെയും പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ചുവർഷം മുമ്പ് കേന്ദ്ര സർക്കാരിന് ശുപാർശ നല്‍കിയിരുന്നു. എംബസിയില്‍ വോട്ടു ചെയ്യാൻ അവസരമൊരുക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. നേരത്തെ ആറു മാസക്കാലം നാട്ടിലില്ലെങ്കില്‍ വോട്ടർ പട്ടികയില്‍ നിന്ന് പേര് നീക്കുമായിരുന്നു. ഇതില്‍ ഇളവു വരുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിലെ വോട്ടർ പട്ടികയില്‍ പേരുള്ള പ്രവാസികളെ അടുത്ത തവണ ഹിയറിംഗില്‍ ഹാജരായില്ലെങ്കിലും പുറത്താക്കില്ല. വിദേശങ്ങളില്‍ പഠിക്കുന്ന രണ്ടര ലക്ഷത്തോളം മലയാളി വിദ്യാർത്ഥികളില്‍ വോട്ടവകാശമുള്ളവർക്കും പ്രോക്സി വോട്ടടക്കം ഏർപ്പെടുത്തണമെന്ന ആവശ്യമുണ്ട്.
പ്രവാസി വോട്ടർമാർ
തിരുവനന്തപുരം……….. 41
കൊല്ലം………………………. 48
പത്തനംതിട്ട……………….. 51
ആലപ്പുഴ…………………….. 52
കോട്ടയം…………………….. 53
ഇടുക്കി……………………….. 7
എറണാകുളം…………….. 87
തൃശൂർ………………………. 205
പാലക്കാട്………………….. 50
മലപ്പുറം…………………….. 447
കോഴിക്കോട്…………….. 1,232
വയനാട്……………………. 11
കണ്ണൂർ……………………… 486
കാസർകോട്…………….. 74













