പാകിസ്ഥാൻ ആണവ പരീക്ഷണങ്ങൾ നടത്തുന്നു, അമേരിക്കയും നടത്തുമെന്ന് ട്രംപ്

പാകിസ്ഥാൻ ആണവ പരീക്ഷണങ്ങൾ നടത്തുന്നു, അമേരിക്കയും നടത്തുമെന്ന്  ട്രംപ്

പാകിസ്ഥാൻ സജീവമായി ആണവായുധങ്ങൾ പരീക്ഷിക്കുന്ന രാജ്യങ്ങളിൽ ഒന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവായുധങ്ങൾ പരീക്ഷണം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് റിപ്പബ്ലിക്കൻ നേതാവിന്റെ ഈ പരാമർശം. റഷ്യ, ചൈന, ഉത്തര കൊറിയ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ അമേരിക്കയും ഇത് ചെയ്യുന്നത് ഉചിതമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

“റഷ്യ പരീക്ഷിക്കുന്നുണ്ട്, ചൈനയും പരീക്ഷിക്കുന്നുണ്ട്, പക്ഷെ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. നമ്മൾ തുറന്ന സമൂഹമാണ്. നമ്മൾ വ്യത്യസ്തരാണ്. നമ്മൾ അതിനെക്കുറിച്ച് സംസാരിക്കുന്നു. നമ്മൾ സംസാരിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങൾ മാധ്യമപ്രവർത്തകർ അത് റിപ്പോർട്ട് ചെയ്യും. അവർക്ക് അതിനെക്കുറിച്ച് എഴുതാൻ പോകുന്ന റിപ്പോർട്ടർമാർ ഇല്ല,” ട്രംപ് സിബിഎസ് ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു. “അവർ പരീക്ഷിക്കുന്നതുകൊണ്ടും മറ്റുള്ളവർ പരീക്ഷിക്കുന്നതുകൊണ്ടും നമ്മൾ പരീക്ഷിക്കാൻ പോകുകയാണ്. തീർച്ചയായും ഉത്തര കൊറിയ പരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാനും പരീക്ഷിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവായുധങ്ങൾ പരീക്ഷിക്കുന്ന ഈ “ശക്തരായ” രാജ്യങ്ങൾ എവിടെയാണ് പരീക്ഷണം നടത്തുന്നതെന്ന് അമേരിക്കക്ക് “കൃത്യമായി അറിയില്ല” എന്ന് ട്രംപ് അവകാശപ്പെട്ടു. ഭൂമിക്കടിയിൽ വളരെ ആഴത്തിൽ, ആളുകൾക്ക് കൃത്യമായി എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിയാത്ത രീതിയിലാണ് അവർ പരീക്ഷണം നടത്തുന്നത്. എന്നാൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. മറ്റ് രാജ്യങ്ങൾ പരീക്ഷിക്കുമ്പോൾ നമ്മൾ പരീക്ഷിക്കുന്നില്ലെന്നും, അതുകൊണ്ട് നമ്മൾ പരീക്ഷിക്കണമെന്നും ട്രംപ് വാദിച്ചു. ലോകത്തെ 150 തവണ തകർക്കാൻ ആവശ്യമായ ആണവായുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ ഈ പ്രസ്താവനക്ക് പിന്നാലെ, നിലവിലെ പരീക്ഷണങ്ങളിൽ ആണവ സ്ഫോടനങ്ങൾ ഉൾപ്പെടുന്നില്ലെന്നും, അവ ‘സിസ്റ്റം പരിശോധനകൾ’ മാത്രമാണെന്നും യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പിന്നീട് വ്യക്തത വരുത്തിയിരുന്നു.

Share Email
LATEST
More Articles
Top