മുൻ എം.എൽ.എ. പി.വി. അൻവറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ റെയ്ഡ് പൂർത്തിയായി. രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്.
കേരള ഫൈനാൻസ് കോർപ്പറേഷന്റെ (കെ.എഫ്.സി.) മലപ്പുറത്തെ ബ്രാഞ്ചിൽ ഒരേ ഈട് വെച്ച് രണ്ട് വായ്പകൾ എടുത്ത് 12 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്.
ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കെ.എഫ്.സിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി എന്ന വിജിലൻസ് കേസിൽ അൻവർ നാലാം പ്രതിയാണ്. ഇതേ കേസാണ് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നത്.
മലപ്പുറത്തെ പി.വി. അൻവറിന്റെ വീട്ടിൽ രാവിലെ 6 മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി 9:30-ഓടെയാണ് അവസാനിച്ചത്. അൻവറുമായി ബന്ധമുള്ള സിയാദ് എന്നയാളുടെ വീട്ടിലും അൻവറിന്റെ മറ്റ് സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി.
പരിശോധനയിൽ ചില രേഖകളും പകർപ്പുകളും പിടിച്ചെടുത്തതായി ഇ.ഡി. ഉദ്യോഗസ്ഥരിൽനിന്ന് പ്രാഥമിക വിവരം ലഭിച്ചു. അൻവറിൽനിന്ന് വിശദമായ വിവരങ്ങളും തേടിയിട്ടുണ്ട്.













